സഹോദരന്‍റെ ഭാര്യയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച മകനെ കൊന്ന് മൃതദേഹം വെട്ടിനുറുക്കി അമ്മ. ആന്ധ്രപ്രദേശിലെ കമ്പത്ത് വ്യാഴാഴ്ചയായിരുന്നു സംഭവം. പ്രകാശം ജില്ലയില്‍ നിന്നുള്ള 57കാരിയായ ദേവിയാണ് മകന്‍ പ്രസാദിനെ കൊലപ്പെടുത്തിയത്. ബന്ധുക്കളുടെ സഹായത്തോടെയായിരുന്നു 35കാരനായ പ്രസാദിനെ ദേവി വകവരുത്തിയത്.
അവിവാഹിതനായ പ്രസാദിന്‍റെ സ്വഭാവവും പെരുമാറ്റവും അങ്ങേയറ്റം വൈകൃതം നിറഞ്ഞതായിരുന്നുവെന്നും സഹോദരന്‍റെ ഭാര്യയ്ക്ക് പുറമെ കുടുംബത്തിലെ മറ്റ് സ്ത്രീകളോടും പെണ്‍കുട്ടികളോടും മകന്‍ മോശമായി പെരുമാറിയെന്ന് അറിഞ്ഞതും ദേവിയെ അസ്വസ്ഥയാക്കിയിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. നിവര്‍ത്തികെട്ടാണ് കൊല്ലുന്നതെന്ന് ദേവി പറഞ്ഞതായും ബന്ധുക്കള്‍ പൊലീസിന് മൊഴി നല്‍കി. കൊലപാതകത്തിന് ശേഷം ഒളിവിലാണ് ദേവി.
കോടാലിക്ക് സമാനമായ ആയുധം ഉപയോഗിച്ചാണ് 35കാരനായ പ്രസാദിനെ ദേവി കൊലപ്പെടുത്തിയത്. കൊന്ന ശേഷം മകന്‍റെ മൃതദേഹം ഇവര്‍ അഞ്ച് കഷ്ണങ്ങളാക്കി മുറിച്ച് മൂന്ന് ചാക്കുകളിലാക്കി. തുടര്‍ന്ന് കമ്പത്തെ നാകലഗണ്ടി കനാലില്‍ കൊണ്ട് നിക്ഷേപിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മൃതദേഹഭാഗം കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. ദേവിക്കായി പൊലീസ് തിരച്ചില്‍ തുടരുകയാണ്.