ഇടുക്കി കൂട്ടാറിൽ ഓട്ടോ ഡ്രൈവറെ മർദിച്ച കമ്പംമെട്ട് സി.ഐയെ സംരക്ഷിച്ച് പൊലീസ്. കൂട്ടം കൂടി നിന്ന ആളുകളെ പിരിച്ചുവിടുക മാത്രമാണ് ചെയ്തതെന്ന് കട്ടപ്പന ഡി.വൈ.എസ്.പി എസ്പിക്ക് റിപ്പോർട്ട് നൽകി. പുതുവത്സരാഘോഷത്തിന്റെ ഭാഗമായി കൂട്ടർ ടൗണിൽ നിൽക്കുമ്പോഴാണ് ഓട്ടോ ഡ്രൈവർ മുരളീധരനെ കമ്പംമെട്ട് സി.ഐ ഷമിർ ഖാൻ മർദിച്ചത്. വിഷയം വിവാദമായതോടെ അന്വേഷണം പ്രഖ്യാപിച്ചെങ്കിലും സിഐ നടത്തിയത് നിയമപരമായ ബല പ്രയോഗമാണെന്നാണ് കട്ടപ്പന ഡി.വൈ.എസ്.പി വി.എ നിഷാദ് മോന്റെ റിപ്പോർട്ട്.
രണ്ട് എസ്.ഐമാർ ഉൾപ്പെടുന്ന സംഘം ആവശ്യപ്പെട്ടിട്ടും കൂട്ടർ ടൗണിൽ മദ്യപിച്ച് കൂട്ടം കൂടി നിന്നവർ പിരിഞ്ഞു പോകാൻ തയ്യാറായില്ല. വാഹനത്തിന് നേരെ പടക്കം എറിഞ്ഞവരെ പിരിച്ചുവിടാനുള്ള ശ്രമത്തിലാണ് മുരളീധരന് മർദനമേറ്റതെന്നും റിപ്പോർട്ടിലുണ്ട്. സി.ഐയെ സംരക്ഷിച്ച് കേസ് ഇല്ലാതാക്കാനാണ് പൊലീസിന്റെ ശ്രമമെന്നാണ് മുരളീധരന്റെ ആരോപണം.
മർദനത്തിൽ തന്‍റെ പല്ലു പൊട്ടിപ്പോയെന്നും മുരളീധരൻ പറയുന്നു. ഒരു മാസം മുമ്പ് മുരളീധരൻ പരാതി നൽകിയിട്ടും അന്വേഷണം ഇഴഞ്ഞു നീങ്ങുകയായിരുന്നു. മർദ്ദനത്തിന്റെ ദൃശ്യങ്ങളടക്കം പരാതിപ്പെട്ടിട്ടും നടപടിയെടുക്കാത്ത പൊലീസ് നിലപാടിനെതിരെ കോടതിയെ സമീപിക്കാനാണ് മുരളീധരന്റെ തീരുമാനം.