AI Generated Images
ഭര്‍ത്താവിന്‍റെ കാലുതല്ലിയൊടിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയ ഭാര്യ അറസ്റ്റില്‍. കൽബുറഗിയിലെ ഗാസിപുരിലാണ് സംഭവം. വീട്ടുജോലിക്കാരിയുമായുളള ഭര്‍ത്താവിന്‍റെ അവിഹിതബന്ധം കണ്ടെത്തിയതോടെയാണ് ഭാര്യ ക്വട്ടേഷന്‍ നല്‍കാന്‍ തീരുമാനിച്ചത്. 5 ലക്ഷം രൂപയാണ് ഭര്‍ത്താവിന്‍റെ കാലുതല്ലിയൊടിക്കാനായി ഭാര്യ ഉമാദേവി ക്വട്ടേഷന്‍ സംഘത്തിന് നല്‍കിയത്. ഉമാദേവിയുടെ നിര്‍ദേശപ്രകാരം അക്രമിസംഘം ഭര്‍ത്താവ് വെങ്കടേശ് മാലി പാട്ടീലിന്‍റെ ഇരുകാലുകളും ഒരു കൈയ്യും തല്ലിയൊടിച്ചു.
ആക്രമണത്തില്‍ പരുക്കേറ്റ ഗാസിപുര്‍ അട്ടാര്‍ കോംപൗണ്ട് സ്വദേശി വെങ്കടേശ് മാലി പാട്ടീല്‍ ചികില്‍സയിലാണ്. വെങ്കടേശിന്റെ മകന്‍ നല്‍കിയ പരാതിയില്‍ കേസെടുത്ത പൊലീസാണ് സംഭവത്തിന് പിന്നില്‍ ഭാര്യ ഉമാദേവിയും ക്വട്ടേഷന്‍ സംഘവുമാണെന്ന് കണ്ടെത്തിയത്. സംഭവത്തില്‍ ഉമാദേവി, ക്വട്ടേഷന്‍ സംഘത്തിലെ ആരിഫ്, മനോഹര്‍, സുനില്‍ എന്നിവരെ ബ്രഹ്‌മപുര പൊലീസ് അറസ്റ്റുചെയ്തു.
കാലൊടിഞ്ഞാല്‍ ഭര്‍ത്താവ് വീട്ടില്‍ തന്നെ അടങ്ങിയൊതുങ്ങി തന്‍റെ കണ്‍വെട്ടത്തുതന്നെ ഇരിക്കും. അതിനുവേണ്ടിയാണ് ക്വട്ടേഷന്‍ നല്‍കിയതെന്ന് ഉമാദേവി പൊലീസിന് മൊഴി നല്‍കി. ഭര്‍ത്താവിന്‍റെ കാലുതല്ലിയൊടിക്കാന്‍ അക്രമി സംഘത്തിന് 50,000 രൂപ അഡ്വാന്‍സ് ആയി നല്‍കിയെന്നും ഉമാദേവി പറഞ്ഞു. കൃത്യം നിര്‍വഹിച്ച ശേഷം ബാക്കി തുകയും ക്വട്ടേഷന്‍ സംഘത്തിന് കൈമാറിയതായി ഉമാദേവി പറഞ്ഞു. അതേസമയം കേസില്‍ അറസ്റ്റിലായ ഉമാദേവി അടക്കമുളള നാലുപേരും പൊലീസ് കസ്റ്റഡിയിലാണ്.