പാലക്കാട് ഉപ്പും പാടത്ത് ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. തോലന്നൂർ സ്വദേശി ചന്ദ്രികയാണ് കൊല്ലപ്പെട്ടത്. ഭർത്താവ് രാജനെ ഗുരുതര പരുക്കുകളോടെ തൃശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
തോലന്നൂർ സ്വദേശികളായ കുടുബം അടുത്തിടെയാണ് ഉപ്പും പാടത്ത് വാടകയ്ക്ക് താമസിക്കാനെത്തിയത്. രാവിലെ ബഹളം കേട്ടാണ് വീടിന്‍റെ ഒന്നാം നിലയിലുണ്ടായിരുന്ന ദമ്പതികളുടെ മകൾ താഴേക്കിറങ്ങി വന്നത്. ഇരുവരെയും രക്തത്തിൽ കുളിച്ച നിലയിലായിരുന്നു കണ്ടത്. പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചന്ദ്രികയുടെ ജീവൻ രക്ഷിക്കാനായില്ല. കൊലപാതകമുണ്ടായ വിവരമറിഞ്ഞപ്പോഴാണ് പലരും വാടക വീട്ടുകാരെക്കുറിച്ച് മനസിലാക്കിയത്.
ദമ്പതികൾ തമ്മിൽ തർക്കമുണ്ടാവാറുണ്ടെന്ന് ബന്ധുക്കൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. വിശദമായി പരിശോധിക്കുമെന്ന് പാലക്കാട് ടൗൺ സൗത്ത് ഇൻസ്പെക്ടർ അറിയിച്ചു.