കൊല്ലം നീണ്ടകരയിൽ ഗൃഹനാഥനെ മരിച്ച നിലയില്‍ കാണപ്പെട്ടത് കൊലപാതകമെന്ന് സൂചന. നീണ്ടകര സ്വദേശി ഹരി നാരായണനാണ് മരിച്ചത്. ഇയാളുടെ സഹോദരി ഭര്‍ത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. റോഡരികിൽ രക്തം വാർന്ന നിലയിലായിരുന്നു ഹരി നാരായണനെ കണ്ടത്. ഉടൻ തന്നെ നീണ്ടകര സർക്കാർ ആശുപത്രിയിൽ എത്തിച്ചു. പരുക്ക് ഗുരുതരമായതിനെ തുടർന്ന് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇടത് കാൽ ഒടിഞ്ഞ് തൂങ്ങിയ നിലയിലായിരുന്നു. ശരീരമാസകലം മർദനമേറ്റിരുന്നു. മെഡിക്കൽ കോളേജിലേക്കുള്ള യാത്രാമധ്യേ ഹരിപ്പാടിന് സമീപത്ത് വെച്ച് ഹരി നാരായണന്‍ മരിച്ചു.
മര്‍ദനമേറ്റാണ് മരണമെന്നാണ് സൂചന. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലെ വ്യക്തത വരികയുളളു. ഹരി നാരായണന്റെ സഹോദരി ഭർത്താവ് സുരേഷ് ബാബുവിനെ ചവറ പൊലീസ് കസ്റ്റഡിയിലെടുത്തു. സ്വത്ത് സംബന്ധിച്ചുളള തര്‍ക്കം ഉണ്ടായിരുന്നതായാണ് പ്രാഥമിക വിവരം. ബന്ധുക്കളില്‍ നിന്ന് മൊഴിയെടുത്ത പൊലീസ് അന്വേഷണം തുടരുകയാണ്.