അലങ്കാരചെടി വിൽപന കേന്ദ്രത്തിൽ ബി.ജെ.പി പഞ്ചായത്തംഗത്തിന്റെ അതിക്രമം. വേറ്റിനാട് വാർഡ് മെമ്പർ ബിനു കട ഉടമയായ വയോധികയെ മർദിച്ചെന്നും ചെടിച്ചട്ടികൾ എറിഞ്ഞ് പൊട്ടിച്ചെന്നുമാണ് പരാതി. ചെടിച്ചട്ടികൾ എടുത്തെറിയുന്ന സി.സി.ടി.വി ദൃശ്യങ്ങൾ മനോരമ ന്യൂസിന് ലഭിച്ചു.
വട്ടപ്പാറ വേറ്റിനാട് മണ്ഡപം ജംഗ്ഷനിലെ ചെടിവിൽപന കേന്ദ്രത്തിലാണ് അതിക്രമം നടന്നത്. ഇന്നലെ രാവിലെ പത്തുമണിയോടെ കടയിലെത്തിയ വാർഡ് മെംബർ ബിനു കടയ്ക്ക് മുമ്പിൽ വഴിയിലേയ്ക്ക് ഇറക്കി വച്ചിരുന്ന ചെടിച്ചട്ടികൾ മാറ്റണമെന്നാവശ്യപ്പെട്ടു. പ്രദര്‍ശനത്തിന് വച്ചതാണെന്ന് കടയുടമ പറഞ്ഞതിന് പിന്നാലെ ചെടിച്ചട്ടികൾ എടുത്തെറിഞ്ഞെന്നാണ് പരാതി.
തുടർന്ന് കടയുടമയായ കനകരസിയുമായി കയ്യാങ്കളിയുമായി. മുഖത്തടിച്ചെന്നും മർദ്ദിച്ചെന്നുമാണ് 60കാരിയായ കടയുടമയുടെ പരാതി. കൈയ്ക്കും മുഖത്തും വയറിനും പരുക്കേറ്റ കനകരസി കന്യാകുളങ്ങര ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജിലും ചികിത്സ തേടി. പഞ്ചായത്തംഗം ബിനുവിനെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം വട്ടപ്പാറ പൊലീസ് കേസെടുത്തു.