മുക്കുപ്പണ്ടം പണയപ്പെടുത്തി കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പണം തട്ടിയെടുത്ത സ്ത്രീ തൃശൂര്‍ കയ്പമംഗലത്തു പിടിയില്‍. വലപ്പാട് കോതകുളം സ്വദേശി നാല്‍പത്തിയഞ്ചുകാരി ഫാരിജാനാണ് പിടിയിലായത്. തൃശൂര്‍ ചെന്ത്രാപ്പിന്നിയിലെ ധനകാര്യ സ്ഥാപനത്തില്‍ പണയപ്പെടുത്തിയ ആഭരണം മുക്കുപണ്ടമാണെന്ന് കണ്ടെത്തിയിരുന്നു. ധനകാര്യ സ്ഥാപനം നല്‍കിയ പരാതിയില്‍ കയ്പമംഗലം പൊലീസ് അന്വേഷണം തുടങ്ങി. അങ്ങനെയാണ്, നാല്‍പത്തിയഞ്ചുകാരി ഫാരിജാന്‍റെ തട്ടിപ്പുരീതി തിരിച്ചറിഞ്ഞത്.
സംസ്ഥാനത്തൊട്ടാകെ മുക്കുപ്പണ്ടം പണയപ്പെടുത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. വാഹനങ്ങള്‍ വാടകയ്ക്കെടുത്ത് മറിച്ചുവിറ്റതിനും കേസുണ്ട്. കൊടുങ്ങല്ലൂര്‍, ഇരിങ്ങാലക്കുട, കാട്ടൂര്‍ തുടങ്ങി വിവിധ സ്റ്റേഷനുകളില്‍ കേസുകളുണ്ട്. മലമ്പുഴ ഡാമിനു സമീപത്തുള്ള റിസോര്‍ട്ടില്‍ നിന്നാണ് ഫാരിജാനെ പിടികൂടിയത്. മൊബൈല്‍ നമ്പറും ഫോണും ഇടയ്ക്കിടെ മാറ്റിയാണ് ഒളിവില്‍ കഴിഞ്ഞിരുന്നത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെയായിരുന്നു അറസ്റ്റ്. കൊടുങ്ങല്ലൂര്‍ ഡിവൈ.എസ്.പി: വി.കെ.രാജുവും സംഘവുമാണ് പ്രതിയെ പിടികൂടിയത്.