image/ X
അയല്‍വാസികളുടെ ചെരുപ്പുകള്‍ മോഷ്ടിച്ച് മറിച്ചുവിറ്റ കേസില്‍ ദമ്പതികള്‍ അറസ്റ്റില്‍. ഹൈദരാബാദിലെ ഉപ്പലിലാണ് സംഭവം. ഒന്നും രണ്ടുമല്ല നൂറോളം ജോഡി ചെരുപ്പുകളാണ് മല്ലേഷ് –രശ്മി ദമ്പതികളുടെ വീട്ടില്‍ നിന്നും പൊലീസ് കണ്ടെത്തിയത്. ഷൂസും വള്ളിച്ചെരുപ്പുമടക്കം മോഷണം പോകുന്നത് പതിവായതോടെയാണ് നാട്ടുകാര്‍ കള്ളനെ പിടികൂടാന്‍ തീരുമാനിച്ചതും ദമ്പതിമാര്‍ പിടിയിലായതും.
ബുധനാഴ്ച രാത്രിയായപ്പോള്‍ വീട്ടിലെ ചെരുപ്പ് മോഷണം പോയതോടെ നാട്ടുകാരിലൊരാള്‍ വീട്ടിലെ സിസിടിവി പരിശോധിച്ചു. ദൃശ്യങ്ങളില്‍ മല്ലേഷിനോട് സാമ്യമുള്ളയാളെ തിരിച്ചറിഞ്ഞു. ദൃശ്യങ്ങള്‍ അയല്‍വാസികളെ കൂടി കാണിച്ച് മല്ലേഷാണെന്ന് ഉറപ്പിച്ചതോടെ നാട്ടുകാരില്‍ ചിലര്‍ ചേര്‍ന്ന് ഇവരുടെ വീട്ടിലേക്ക് എത്തുകയായിരുന്നു. മല്ലേഷിന്‍റെ വീട്ടിലെത്തിയ നാട്ടുകാര്‍ ഞെട്ടി. വീടിനകം നിറയെ ചെരുപ്പുകള്‍. തറയിലും അലമാരയിലും ഷെല്‍ഫുകളിലും എന്തിനേറെ വീടിന്‍റെ തട്ടിന്‍പുറത്ത് വരെ പല നിറത്തിലും അളവിലും സ്റ്റൈലിലുമുള്ള ചെരുപ്പുകള്‍ അടുക്കി സൂക്ഷിച്ചിരിക്കുന്നു. തിരച്ചിലില്‍ സ്വന്തം ചെരുപ്പുകള്‍ നാട്ടുകാര്‍ കണ്ടെടുത്തതോടെയാണ് ഇവയെല്ലാം മോഷ്ടിച്ചതാണെന്ന് സ്ഥിരീകരിച്ചത്. കയ്യോടെ പിടിക്കപ്പെട്ടതോടെ മല്ലേഷും രശ്മിയും കുറ്റസമ്മതം നടത്തി.
രാത്രിയില്‍ അയല്‍വാസികളുടെ വീടുകളില്‍ കയറിയാണ് താന്‍ ചെരുപ്പുകള്‍ മോഷ്ടിച്ചുവന്നിരുന്നതെന്നും രശ്മിയുടെ സഹായം ലഭിച്ചിരുന്നുവെന്നും ഇനി ആവര്‍ത്തിക്കില്ലെന്നുമായിരുന്നു മല്ലേഷിന്‍റെ കുറ്റസമ്മതം. നാട്ടുകാര്‍ വിവരം പൊലീസില്‍ അറിയിച്ചു. വീടുകള്‍ക്ക് പുറമെ അമ്പലങ്ങളില്‍ ദര്‍ശനത്തിനെത്തുന്നവര്‍ അഴിച്ചുവയ്ക്കുന്ന ചെരുപ്പുകളും ഇവര്‍ മോഷ്ടിച്ചിരുന്നുവെന്നും ഇത് മറിച്ച് വില്‍പ്പന നടത്തിയിരുന്നതായും ചോദ്യം ചെയ്യലില്‍ ദമ്പതിമാര്‍ സമ്മതിച്ചു. മല്ലേഷിന്‍റെ വീട്ടില്‍ തിരച്ചില്‍ നടത്തി സ്വന്തം ചെരുപ്പുകള്‍ കണ്ടെത്തുന്നതിന്‍റെ വിഡിയോ ചിലര്‍ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്.