crime-scene

അമ്മയെ കൊലപ്പെടുത്തി അവയവങ്ങൾ പാകം ചെയ്ത് കഴിച്ച കേസിൽ മകന്‍റെ വധശിക്ഷ സ്റ്റേ ചെയ്ത് സുപ്രീംകോടതി. ബോംബെ ഹൈക്കോടതിയുടെ വിധിയാണ് സുപ്രീംകോടതി സ്റ്റേ ചെയ്തത്. മഹാരാഷ്ട്രയിലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. സുനില്‍ കുച്‌കോരാവിയാണ് മദ്യപിക്കാൻ പണം നൽകാത്തതിനെ തുടർന്ന് സ്വന്തം അമ്മയെ ക്രൂരമായി കൊലപ്പെടുത്തി പിന്നീട്  ശരീരഭാ​ഗങ്ങള്‍ പാചകം ചെയ്ത് കഴിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കോലാപൂര്‍ കോടതി വിധിച്ച വധശിക്ഷ ഹൈക്കോടതി ശരിവച്ചിരുന്നു. എന്നാല്‍ ഇപ്പോഴിതാ, കേസില്‍ വധശിക്ഷ സ്റ്റേ ചെയ്ത് മഹാരാഷ്ട്ര സര്‍ക്കാരിന് സുപ്രിംകോടതി നോട്ടീസ് അയച്ചു. ജസ്റ്റിസുമാരായ സൂര്യകാന്ത്, പങ്കജ് മിത്തല്‍, ഉജ്ജ്വല്‍ ഭുയാന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് തീരുമാനം.

2017 ആഗസ്റ്റ് 28ന് ആണ് കൃത്യം നടക്കുന്നത്. 63കാരിയായ യല്ലമ്മ രാമ കുച്കോരവിയാണ് കൊല്ലപ്പെട്ടത്. പ്രതിയായ സുനിൽ കുച്കോരാവിക്ക് മദ്യപിക്കാൻ പണം നൽകാത്തതിനെ തുടർന്ന് അമ്മയെ ക്രൂരമായി കൊലപ്പെടുത്തി അവയവങ്ങൾ ഭക്ഷിക്കുകയയിരുന്നു. അയല്‍വാസിയായ കുട്ടിയാണ് രക്തത്തിൽ കുളിച്ച് കിടക്കുന്ന അമ്മയെയും സുനിലിനെയും ആദ്യം കണ്ടത്. കാഴ്ച കണ്ട് കുട്ടി നിലവിളിക്കുകയും തുടര്‍ന്ന് ബാക്കി സമീപവാസികള്‍ എത്തി പൊലീസിനെ വിവരം അറിയിക്കുകയുമായിരുന്നു. 

കടുത്ത മദ്യപനായിരുന്ന സുനില്‍ കുച്‌കോരാവിയുടെ പീഡനം സഹിക്കവയ്യാതെ അദ്ദേഹത്തിന്‍റെ ഭാര്യ നാല് കുട്ടികളോടൊപ്പം വീടുവിട്ടു പോയിരുന്നു. തുടര്‍ന്ന് അമ്മയ്‌ക്കൊപ്പമായിരുന്നു ഇയാൾ താമസിച്ചിരുന്നത്. അമ്മയ്ക്ക് 4000 രൂപ പെന്‍ഷന്‍ ലഭിച്ചിരുന്നു. മദ്യപിക്കാൻവേണ്ടി പണത്തിനായി ഇയാള്‍ അമ്മയുമായി നിരന്തരം വഴക്കിട്ടിരുന്നതായും പൊലീസ് വെളിപ്പെടുത്തി.

വഴക്ക് രൂക്ഷമായപ്പോള്‍  സുനിൽ യല്ലമ്മയെ കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം യല്ലമ്മയുടെ ഹൃദയവും വാരിയെല്ലുകളും അടക്കമുള്ള അവയവങ്ങള്‍ പാചകം ചെയ്യുകയും ഭക്ഷിക്കുകയും ചെയ്തു. കേസില്‍ 2021 ജൂലൈയില്‍ കോലാപൂര്‍ സെഷന്‍സ് കോടതി പ്രതിയെ വധശിക്ഷയ്ക്ക് വിധിച്ചു. തുടർന്ന് ബോംബെ ഹൈകോടതി വധശിക്ഷ ശരിവെച്ചു. 

സ്വന്തം അമ്മയെ കൊലപ്പെടുത്തുകയും തലച്ചോര്‍, ഹൃദയം തുടങ്ങിയ ആന്തരികാവയവങ്ങൾ പാചകം ചെയ്ത് കഴിക്കുകയും ചെയ്ത സംഭവം അപൂര്‍വങ്ങളില്‍ അത്യപൂര്‍വമായ കേസാണ് എന്ന് വിലയിരുത്തിയാണ് സുനില്‍ കുച്‌കോരാവിയുടെ അപ്പീല്‍ ഹൈകോടതി തള്ളിയത്. പൂച്ചയുടേയും പന്നിയുടേയും മാംസം കഴിക്കുന്നത് ശീലമാണെന്നായിരുന്നു എന്ന് സുനില്‍ കുച്‌കോരാവി അപ്പീലില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ENGLISH SUMMARY:

Supreme Court stays the death sentence of a son in a case where he killed his mother, cooked, and ate her body parts