40 വർഷം മുൻപ് ഇൻഷുറൻസ് തുക തട്ടാൻ ചലച്ചിത്ര വിതരണക്കമ്പനി ജീവനക്കാരനായ ചാക്കോയെ ചുട്ടുകൊന്ന് മുങ്ങിയ സുകുമാരക്കുറുപ്പിനെ ഓർമയില്ലേ? അതേ രീതിയിൽ രാജസ്ഥാനിലും ഒരു നിഷ്ഠൂര കൊലപാതകം. 1984ൽ കുറുപ്പ് കൊന്നത് വഴിയോരത്ത് വാഹനം കാത്തുനിന്ന യുവാവിനെയാണെങ്കിൽ രാജസ്ഥാനിലെ 'കുറുപ്പി'ന്റെ ഇര ഭിക്ഷാടകനായ യുവാവായിരുന്നു.
കഴിഞ്ഞ ഞായറാഴ്ച രാജസ്ഥാനിലെ സല്ലോപട്ട് ഗ്രാമത്തിൽ ദേശീയപാത 56ൽ ഏതോ വലിയ വാഹനം കയറി ചതഞ്ഞരഞ്ഞ നിലയിൽ ഒരു പുരുഷന്റെ മൃതദേഹം കണ്ടെത്തി. സമീപത്ത് തിരിച്ചറിയൽ കാർഡ് ഉൾപ്പെടെയുള്ള രേഖകളും ചിതറിക്കിടന്നിരുന്നു. അജ്മീറിലെ ഗുവർദി സ്വദേശി നരേന്ദ്ര സിങ് റാവത്താണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് ഉറപ്പിച്ചു. തിരിച്ചറിയാൻ റാവത്തിൻ്റെ ബന്ധുക്കളെ വരുത്തി. എന്നാൽ മൃതദേഹം നരേന്ദ്ര സിങ്ങിന്റേതാണെന്ന് ഉറപ്പിക്കാൻ വീട്ടുകാർ തയാറായില്ല. ഇതോടെ പൊലീസ് ആശയക്കുഴപ്പത്തിലായി!
തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് നട്ടെല്ല് മരവിപ്പിക്കുന്ന ക്രൂരകൊലപാതകത്തിൻ്റെ ചുരുളഴിഞ്ഞത്. നരേന്ദ്ര സിങ് റാവത്ത് കഴുത്തറ്റം കടത്തിലായിരുന്നു. കടം വീട്ടാൻ മാർഗമില്ലാതെ വന്നപ്പോൾ അയാൾ വലിയ തുകകൾക്ക് ഇൻഷുറൻസ് പോളിസികൾ എടുക്കാൻ തുടങ്ങി. തന്നോട് രൂപസാദൃശ്യമുള്ള ഒരാളെത്തേടിയായി അടുത്തനീക്കം. ഇതിനിടെ ചിത്തോഡ്ഗഡിൽ നിന്നുള്ള ഭേരുലാൽ എന്ന ഭിന്നശേഷിക്കാരനായ ഭിക്ഷക്കാരനെ പരിചയപ്പെട്ടു. പണം വാഗ്ദാനം ചെയ്തതോടെ നരേന്ദ്ര സിങ്ങിനെ സഹായിക്കാമെന്ന് ഭേരുലാൽ ഉറപ്പുനൽകി.
തിരിഞ്ഞുതിരഞ്ഞ് ഒടുവിൽ അവർ ഇരയെ കണ്ടെത്തി. കോട്ട സ്വദേശിയായ ഭിക്ഷക്കാരൻ തൂഫാൻ ബൈർവ. തൂഫാനുമായി സൗഹൃദം സ്ഥാപിച്ച ഭേരുലാൽ അയാൾക്ക് നരേന്ദ്ര സിങ്ങിനെ പരിചയപ്പെടുത്തി. മൂവരും ചേർന്ന് മദ്യപിച്ചു. പിന്നെ പദ്ധതിയുടെ അടുത്ത ഘട്ടം നടപ്പാക്കാനുള്ള വാഹനത്തിനും ഡ്രൈവർക്കും വേണ്ടിയുള്ള കാത്തിരിപ്പ്. ട്രക്ക് ഡ്രൈവർ ഇബ്രാഹിം ആയിരുന്നു ഇതിനുള്ള പങ്കാളി. ഇബ്രാഹിം എത്താനെടുത്ത നാലു ദിവസവും ഭേരുലാലും നരേന്ദ്ര സിങ്ങും തൂഫാനൊപ്പം മദ്യപിച്ചിരുന്നു.
നാലാം ദിവസം സിമൻ്റ് നിറച്ച ട്രക്കുമായി ഇബ്രാഹിം എത്തി. ഗുജറാത്തിൽ ജോലി സംഘടിപ്പിച്ച് നൽകാമെന്നുപറഞ്ഞ് മൂവരും തൂഫാനെ ഒപ്പം കൂട്ടി. നവംബർ മുപ്പതിന് സംഘം അവസാന പദ്ധതി തീരുമാനിച്ചു. തൂഫാനുമായി സല്ലോപട്ടിലെ ആളൊഴിഞ്ഞ സ്ഥലത്തെത്തി. മദ്യപാനം തുടങ്ങി. തൂഫാന് ബോധം മറയുവോളം മദ്യം നൽകി. പിന്നെ അയാളെ എടുത്ത് നടുറോഡിൽ കിടത്തി. ഇബ്രാഹിം ട്രക്ക് സ്റ്റാർട്ട് ചെയ്തു. അൽപം പിന്നോട്ടെടുത്ത ശേഷം വേഗത്തിൽ തൂഫാൻ്റെ ശരീരത്തിൽ കയറ്റിയിറക്കി. ആളെ തിരിച്ചറിയില്ലെന്ന് ഉറപ്പാക്കിയശേഷം നരേന്ദ്രസിങ് മൃതദേഹത്തിനടുത്ത് തൻ്റെ തിരിച്ചറിയൽ കാർഡും മറ്റുചില രേഖകളും ചിതറിയിട്ടു. അവയ്ക്ക് മുകളിലൂടെയും ട്രക്ക് കയറ്റി സ്ഥലംവിട്ടു.
അടുത്തദിവസം രാവിലെ ദേശീയപാതയിൽ മൃതദേഹം കണ്ട പ്രദേശവാസികളാണ് പൊലീസിനെ അറിയിച്ചത്. മരിച്ചത് നരേന്ദ്ര സിങ് അല്ലെന്ന് ബന്ധുക്കൾ ഉറപ്പിച്ചതോടെ പൊലീസ് അതിവേഗം നീങ്ങി. ഇൻഷുറൻസ് തുക തട്ടാൻ സിങ് സ്വന്തം മരണം വ്യാജമായി സൃഷ്ടിക്കാൻ ശ്രമിച്ചതാണെന്ന് കണ്ടെത്തി. ഭേരുലാലിനെ പിടികൂടി. വിശദമായി ചോദ്യം ചെയ്തപ്പോൾ ഭേരുലാൽ മണി മണി പോലെ കാര്യങ്ങൾ പറഞ്ഞു. ഒട്ടും വൈകാതെ ഇബ്രാഹിമിനെയും പൊക്കി. ഭേരുലാലിന് 85,000 രൂപയും ഇബ്രാഹിമിന് 65,000 രൂപയും വാഗ്ദാനം ചെയ്താണ് നരേന്ദ്ര സിങ് കൊലപാതകം നടത്തിയത്.
കൂട്ടുപ്രതികൾ അറസ്റ്റിലായെങ്കിലും നരേന്ദ്രസിങ് ഒളിവിലാണ്. സുകുമാരക്കുറുപ്പിനെപ്പോലെ നരേന്ദ്രയും പിടികിട്ടാപ്പുള്ളിയായി തുടരുമോ? പഴയകാലമല്ല, പഴയ പൊലീസുമല്ല നരേന്ദ്രാ എന്നുമാത്രം പറയാം. ഒരുപക്ഷേ കാലത്തെയും വെല്ലുന്ന ക്രിമിനലാകുമോ ഈ ന്യൂ ജെൻ 'കുറുപ്പ്'? സാക്ഷാൽ സുകുമാരക്കുറുപ്പിനെപ്പോലെ... കാലം തന്നെ മറുപടി പറയട്ടെ.