കൊച്ചി പനങ്ങാട് പൊലീസിനെ ആക്രമിച്ചത് വധശ്രമക്കേസ് പ്രതിയുടെ നേതൃത്വത്തില്‍. ഒന്നാംപ്രതി ഷമീര്‍ വധശ്രമം ഉള്‍പ്പെടെ നാല് കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറയുന്നു. രണ്ടാംപ്രതി അനൂപ് യൂത്ത് കോണ്‍ഗ്രസ് അരൂര്‍ മണ്ഡലം ജനറല്‍ സെക്രട്ടറിയാണ്. മദ്യലഹരിയിലായിരുന്നു അക്രമം. കുമ്പളം പാലത്തില്‍ കാര്‍ നിര്‍ത്തി മുകളിലിരുന്നുള്ള അഭ്യാസപ്രകടനം ചോദ്യം ചെയ്തതിനായിരുന്നു ആക്രമണം. ചേർത്തല, തൈക്കാട്ടുശ്ശേരി സ്വദേശികളായ ഏഴ് പ്രതികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്ത് റിമാന്‍ഡ് ചെയ്തു.
തൈക്കാട്ടുശേരി സ്വദേശികളായ വേലംവെളി ഷമീര്‍, എം. അനൂപ്, കുമ്പളശേരി മനു, പള്ളാത്തിപറമ്പില്‍ വര്‍ഗീസ്, വി.എ. ജയകൃഷ്ണന്‍, പൂതംപൊഴി കിരണ്‍ ബാബു, വെളിയില്‍ അജയകൃഷ്ണന്‍ എന്നിവരാണ് അറസ്റ്റിലായത്. ഷമീറിനോടും അനൂപിനോടുമൊപ്പം കൊച്ചി കാണാനെത്തിയവരാണ് മറ്റ് അഞ്ച് പേര്‍. പുലര്‍ച്ചെ രണ്ട് മണിക്ക് കുമ്പളം പാലത്തിന് മുകളില്‍ കാര്‍ നിര്‍ത്തി അതിന് മുകളില്‍ കയറിയിരുന്നായിരുന്നു യുവാക്കളുടെ പരാക്രമം. അതുവഴി വന്ന പട്രോളിങ് സംഘത്തിലെ പൊലീസുകാര്‍ കാര്‍ പാലത്തില്‍ നിന്ന് നീക്കാന്‍ ആവശ്യപ്പെട്ടു. കാറിലുണ്ടായിരുന്ന ഏഴുപേരും പൊലീസിന് നേരെ കയര്‍ത്തു. അസഭ്യം വിളിച്ചു. ഇതോടെ പനങാട് സ്്റ്റേഷനില്‍ വിവരം അറയിച്ചു.
എസ്ഐ കെ.എന്‍.ഭരതന്‍റെ നേതൃത്വത്തില്‍ പനങ്ങാട് പൊലീസ് സ്ഥലതെത്തി. കാര്‍ നീക്കാന്‍ ആവശ്യപ്പെട്ടതോടെ ഒന്നാംപ്രതി ഷമീര്‍, രണ്ടാം പ്രതി അനൂപ് എന്നിവര്‍ എസ്ഐയുടെ മുഖത്തിടിച്ചു. എസ്ഐയുടെ കൂടെയുണ്ടായിരുന്ന രണ്ട് സിവില്‍ പൊലീസ് ഓഫിസര്‍മാരെയും ആക്രമിച്ചു. കൂടുതല്‍ പൊലീസിനെ വിളിച്ചുവരുത്തിയതോടെ പ്രതികള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും സാഹസികമായി കീഴടക്കി. ഔദ്യോഗിക കൃത്യനിര്‍വഹണത്തിന് തടസമുണ്ടാക്കി, കയ്യേറ്റം തുടങ്ങി എട്ട് വകുപ്പുകളാണ് യുവാക്കള്‍ക്കെതിരെ ചുമത്തിയത്. ആക്രമണത്തില്‍ പരുക്കേറ്റ പൊലീസുകാര്‍ ചികിത്സ തേടി. ആരുടെയും പരുക്ക് ഗുരുതരമല്ല. പരിശോധനയ്ക്കെത്തുന്ന പൊലീസിനെതിരായ അതിക്രമങ്ങള്‍ നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുകയാണ്. ലഹരിയുടെ അതിപ്രസരമാണ് ഇത്തരം ആക്രമണങ്ങള്‍ക്ക് കാരണമെന്നാണ് സമീപകാല സംഭവങ്ങള്‍ വ്യക്തമാക്കുന്നത്.