AI Generated Image

AI Generated Image

കാമുകിയുടെ സ്വകാര്യദൃശ്യങ്ങള്‍ പകര്‍ത്തിയ ശേഷം അത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി യുവാവ് രണ്ടരക്കോടി രൂപയും സ്വര്‍ണാഭരണങ്ങളും ആഡംബരക്കാറും കവര്‍ന്നു. ബെംഗളൂരുവിലാണ് സംഭവം. മാസങ്ങളോളം പീഡനം അനുഭവിച്ച ശേഷമാണ് പെണ്‍കുട്ടി വിവരം പൊലീസില്‍ അറിയിക്കുന്നതും യുവാവ് അറസ്റ്റിലായതും. 

ബോര്‍ഡിങ് സ്കൂളില്‍ പഠിക്കവേയാണ് പെണ്‍കുട്ടി മോഹന്‍കുമാറെന്ന യുവാവുമായി അടുത്തതെന്ന് പൊലീസ് പറയുന്നു. പിന്നീട് ഉപരിപഠനാര്‍ഥം മറ്റുസ്ഥലങ്ങളിലേക്ക് പോയ ഇവര്‍ അടുത്തിയിടെ വീണ്ടും കണ്ടുമുട്ടുകയും പ്രണയത്തിലാവുകയുമായിരുന്നു. പെണ്‍കുട്ടിയെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്ത മോഹന്‍ 20കാരിയുമായി വിവിധയിടങ്ങളില്‍ യാത്രയും പോയി. ഈ യാത്രകളില്‍ വച്ച് പെണ്‍കുട്ടിയുമായി അടുത്തിടപഴകുകയും ആ ദൃശ്യങ്ങള്‍ മൊബൈല്‍ഫോണില്‍ ചിത്രീകരിക്കുകയുമായിരുന്നു. സ്വകാര്യമായി സൂക്ഷിക്കുമെന്ന് വാഗ്ദാനം ചെയ്ത് പകര്‍ത്തിയ വിഡിയോകളില്‍ പലതിലും യുവാവിന്‍റെ മുഖം വ്യക്തമായിരുന്നില്ല. ഇതാണ് പെണ്‍കുട്ടിയെ ബ്ലാക്ക്മെയില്‍ ചെയ്യാന്‍ ഉപയോഗിച്ചത്. 

ചോദിക്കുന്ന പണം നല്‍കിയില്ലെങ്കില്‍ വിഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി. ഭയന്നുപോയ പെണ്‍കുട്ടി, മുത്തശ്ശിയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നും ഒന്നേകാല്‍ കോടി രൂപമോഹന്‍ ആവശ്യപ്പെട്ട വിവിധ അക്കൗണ്ടുകളിലേക്കായി ഇട്ടുനല്‍കി. ഭീഷണി തുടര്‍ന്നതോടെ ഒരു കോടി 32 ലക്ഷം രൂപ നല്‍കി. എന്നിട്ടും ഭീഷണി തീരാതെ വന്നതോടെ ആഡംബര വാച്ചുകളും, സ്വര്‍ണാഭരണങ്ങളും ആഡംബരക്കാറും നല്‍കേണ്ടി വന്നു. അച്ഛന്‍റെ ബാങ്ക് അക്കൗണ്ടിലേക്കും പലപ്പോഴായി പെണ്‍കുട്ടിയെ കൊണ്ട് പണം നിക്ഷേപിപ്പിച്ചതായും പൊലീസ് കണ്ടെത്തി. 

സഹിക്കാന്‍ പറ്റാതെയായപ്പോള്‍ പെണ്‍കുട്ടി പൊലീസിനെ സമീപിക്കുകയായിരുന്നു. പരാതി ലഭിച്ചതോടെ പൊലീസെത്തി മോഹന്‍കുമാറിനെ അറസ്റ്റ് ചെയ്തു. കൃത്യമായി ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ കൃത്യമാണിതെന്നും രണ്ട് കോടി 57ലക്ഷം രൂപയാണ് പെണ്‍കുട്ടിയില്‍ നിന്നും മോഹന്‍ കൈക്കലാക്കിയതെന്നും ഇതില്‍ 80 ലക്ഷം രൂപ മാത്രമേ ഇതുവരെ വീണ്ടെടുക്കാനായിട്ടുള്ളൂവെന്നും ബെംഗളൂരു പൊലീസ് കമ്മിഷണര്‍ വ്യക്തമാക്കി. 

Google News Logo Follow Us on Google News

ENGLISH SUMMARY:

Bengaluru man makes private videos of his girlfriend, extorts 2.57 cr from her. The blackmail continued for months until the victim could not take it anymore and approached the police recently, leading to the boyfriend's arrest.