സൈനിക റിക്രൂട്ടിങ് പരിശീലന കേന്ദ്രത്തില്‍ വിദ്യാര്‍ഥിയെ സ്ഥാപനമുടമ മുട്ടിലിഴയിപ്പിക്കുകയും ബെല്‍റ്റുകൊണ്ട് ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്ത്. ആന്ധ്രപ്രദേശ് ശ്രീകാകുളത്തെ സ്ഥാപനത്തിലെ ദൃശ്യങ്ങളാണു പുറത്തായത്. സൈന്യത്തില്‍ ചേരാനുള്ള മോഹത്തിന്റെ പുറത്തു റിക്രൂട്ട്മെന്റ് പരിശീലന കേന്ദ്രം തുടങ്ങി പ്രസിദ്ധനായ ബസവ പരിശീലനം നല്‍കുന്ന ഇന്ത്യന്‍ ആര്‍മി കോളിങ് സെന്ററിനകത്തെ ക്രൂരതയാണു പുറത്തായത്.

സ്ഥാപന ഉടമ ബസവ വെങ്കിടേശ രമണ വിദ്യാര്‍ഥിയെ മര്‍ദിക്കുന്നതാണു ദൃശ്യത്തിലുള്ളത്. അടിയേറ്റു വിദ്യാര്‍ഥി നിലത്തുവീഴുന്നതും ഉച്ചത്തില്‍ കരഞ്ഞു തല്ലരുതെന്ന് കൈകൂപ്പി അപേക്ഷിക്കുന്നതും കാണാം. ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതിനു പിന്നാലെ ആന്ധ്രപ്രദേശ് മാനവ വിഭവശേഷി വകുപ്പ് മന്ത്രി നരാ ലോകേഷ് അന്വേഷണത്തിന് ഉത്തരവിട്ടു. തുടര്‍ന്ന് ശ്രീകാകുളം പൊലീസ് വിദ്യാര്‍ഥിയെ കണ്ടെത്താന്‍ തിരച്ചില്‍ തുടങ്ങി.

ഒരുവര്‍ഷം മുന്‍പു നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇന്നലെയാണ് പുറത്തായത്. മോഷണവുമായി ബന്ധപ്പെട്ടുണ്ടായ സംഭവങ്ങളുടെ തുടര്‍ച്ചയാണ് മര്‍ദ്ദനമെന്നാണ് സ്ഥാപന ജീവനക്കാര്‍ പൊലീസിനു നല്‍കിയിരിക്കുന്ന മൊഴി. അതേസമയം കേന്ദ്ര വ്യോമയാന സഹമന്ത്രിയും ടി.ഡി.പി നേതാവുമായ രാം മോഹനുമായി ബന്ധമുള്ള സ്ഥാപനമാണെന്ന ആരോപണവും ഉയരുന്നുണ്ട്.

ENGLISH SUMMARY: