മദ്യലഹരിയിൽ ആശുപത്രിയിലെത്തിയ യുവാക്കൾ പൊലീസുകാരെ മർദ്ദിച്ചു. ഇടുക്കി തൊടുപുഴ ജില്ലാ ആശുപത്രിയിലായിരുന്നു ആക്രമണം. കേസിൽ പിടിയിലായ നാല് യുവാക്കളെ റിമാൻഡ് ചെയ്തു.
വാഹനാപകടത്തിൽ പരുക്കേറ്റ് കഴിഞ്ഞ ദിവസം ചികിത്സ തേടിയെത്തിയ യുവാക്കളാണ് തൊടുപുഴ ജില്ലാ ആശുപത്രിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർമാരെ അസഭ്യം പറഞ്ഞ സംഘം ജീവനക്കാരെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു. ഇത് തടയാനെത്തിയ ഏയ്ഡ് പോസ്റ്റിലുണ്ടായിരുന്ന സിവില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഷാജിത്ത്, കണ്‍ട്രോള്‍ റൂം എസ് ഐ സാംബശിവന്‍ എന്നിവര്‍ക്കാണ് മർദ്ദനമേറ്റത്. ഇതോടെ പ്രകോപിതരായ പൊലീസുകാര്‍ യുവാക്കളെ തിരിച്ചു മര്‍ദിച്ചു.
തൊടുപുഴ സ്വദേശി അഭിജിത്ത്, വാഴക്കുളം സ്വദേശി അമൽ, പാലക്കുഴ സ്വദേശികളായ അജിത്ത് സഹോദരൻ അഭിജിത്ത് എന്നിവരാണ് പിടിയിലായത്. ആശുപത്രിയിൽ അതിക്രമിച്ചു കയറിയതിനും പൊലീസ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്തതിനും പ്രതികൾക്കെതിരെ കേസെടുത്തു.