തിരുവനന്തപുരത്തെ ഷവർമ്മ കടയിലെ ജീവനക്കാരനായ ഇതരസംസ്ഥാന തൊഴിലാളിയുടെ മരണത്തിൽ പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്ന ആരോപണവുമായി സഹോദരൻ. ട്രെയിൻ അപകടമെന്ന് വരുത്തി തീർക്കാൻ പൊലീസ് ശ്രമിക്കുന്നതായാണ് സഹോദരന്‍ അനിറുൾ ഇസ്ലാം ആരോപിക്കുന്നത്. തന്‍റെ പരാതിയില്‍ നടപടി വൈകുന്നതിനാല്‍ ഹൈക്കോടതിയെ സമീപിക്കാനാണ് തീരുമാനമെന്നും അനിറുൾ മനോരമ ന്യൂസിനോട് പറഞ്ഞു.
ആലം അലിയുടെ മരണത്തിൽ ദുരൂഹത ഉണ്ടെന്നാരോപിച്ച് സഹോദരൻ നൽകിയ പരാതിയിൽ പേട്ട പൊലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്നാണ് അനിറുൾ ഇസ്ലാമിന്റെ ആരോപണം. അപകട ദിവസം പുലർച്ചെ കടയുടമയുടെ ഫോണിലേക്ക് അനുജന്റെ ഫോണിൽ നിന്ന് കോൾ എത്തിയത് ആലം അലിയെ അപായപ്പെടുത്താൻ ശ്രമിച്ചവർ ആകാമെന്നാണ് സഹോദരൻ പറയുന്നത്.
നീതിക്കായി പോരാടുമെന്നും കുറ്റക്കാരെ നിയമത്തിന് മുന്നിൽ എത്തിക്കുമെന്നും സഹോദരൻ പറഞ്ഞു. ജൂലൈ ഏഴിനാണ് ആൾ സെയ്ന്റ്സ് കോളേജിനും കൊച്ചുവേളി റയിൽവെ സ്റ്റേഷനും ഇടയിലുള്ള പെട്രോൾ പമ്പിന് എതിർവശം റയിൽവെ ട്രാക്കിൽ ആലം അലിയുടെ മൃതദേഹം കണ്ടെത്തിയത്.