കുപ്രസിദ്ധ ഗുണ്ട ഓംപ്രകാശ് ഉൾപ്പെട്ട ലഹരിക്കേസിൽ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. ചോദ്യം ചെയ്യലിന് ശ്രീനാഥ് ഭാസി ഹാജരായി. പ്രയാഗ മാര്‍ട്ടിനെയും ചോദ്യം ചെയ്യും. കേസിന്റെ എല്ലാവശങ്ങളും പരിശോധിക്കുമെന്ന് കമ്മീഷണര്‍ പുട്ടവിമലാദിത്യ പറഞ്ഞു.
വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ഇവർ നടത്തിയ ഓൺലൈൻ സാമ്പത്തിക ഇടപാടുകളും പൊലീസ് പരിശോധിക്കുന്നുണ്ട്. ഇവർക്ക് പുറമേ പാര്‍ട്ടിയിൽ പങ്കെടുത്തെന്നു കരുതുന്ന ഇരുപതോളം പേരിൽനിന്നും മൊഴി എടുക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. ഇവരുടെ രക്തസാംപിളുകൾ ലഹരി പരിശോധനയ്ക്കു വേണ്ടി അന്വേഷണ സംഘം ശേഖരിച്ചു.
ശ്രീനാഥ് ഭാസിയും പ്രയാഗയും 5ന് രാത്രി ഹോട്ടിലിലെ മുറിയിലെത്തി ഓംപ്രകാശിനെ കണ്ടു എന്നാണ് പൊലീസ് റിമാൻഡ് റിപ്പോർട്ട്. എന്നാൽ ഓംപ്രകാശിനെ കണ്ടു എന്നതിന്റെ പേരിൽ ഇവർക്കെതിരെ കേസെടുക്കാൻ സാധിക്കില്ല. ഇവർ ലഹരി മരുന്ന് ഉപയോഗിച്ചോ എന്നതും തെളിയിക്കുക ബുദ്ധിമുട്ടാണ്. എങ്കിലും ലഹരി പാർട്ടിയുമായി ബന്ധപ്പെട്ട് ഇവരിൽ നിന്ന് മൊഴിയെടുക്കാൻ പൊലീസ് തീരുമാനിക്കുകയായിരുന്നു. ഹോട്ടലിലെ ക്യാമറയിൽ നിന്ന് ശ്രീനാഥിന്റെയും പ്രയാഗയുടെയും ദൃശ്യങ്ങൾ കണ്ടെത്തിയിരുന്നു. ഇരുവരെയും ഓംപ്രകാശിന്റെ ഹോട്ടൽ മുറിയിൽ എത്തിച്ച എളമക്കര സ്വദേശി ബിനു ജോസഫിനെ പൊലീസ് കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു.
മരടിലെ ആഡംബര ഹോട്ടലിൽ ഓംപ്രകാശ് എത്തിയിട്ടുണ്ടെന്നും ലഹരിമരുന്ന് വിൽപ്പനയാണ് ഇവരുടെ ലക്ഷ്യമെന്നും ഡാൻസാഫ് സംഘത്തിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് ഹോട്ടലിൽ റെയ്ഡ് നടത്തിയപ്പോൾ മുറിയിൽ നിന്നു കൊക്കെയ്ൻ തരികൾ അടങ്ങിയ പ്ലാസ്റ്റിക് കവറും 4 ലീറ്റർ മദ്യവും പൊലീസ് പിടിച്ചെടുത്തു. പ്ലാസ്റ്റിക് കവറിലെ ലഹരി പദാർഥം പ്രതികൾ വെളിപ്പെടുത്തിയ പോലെ കൊക്കെയ്ൻ തന്നെയാണെന്നു പരിശോധനയിൽ ബോധ്യപ്പെട്ടെങ്കിലും പ്രതികളുടെ ദേഹവും മുറിയും പരിശോധിച്ചപ്പോൾ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുക്കാനുള്ള അളവിൽ ലഹരി പദാർഥം കണ്ടെത്താൻ കഴിഞ്ഞില്ല.