എരുമേലി മുക്കൂട്ടുതറയിൽ വ്യാപാര സ്ഥാപനങ്ങളിൽ വ്യാപക മോഷണം . ബുധനാഴ്ച പുലർച്ചെയോടെ 2 വ്യാപാര സ്ഥാപനങ്ങളിൽ നിന്ന് പണം കവർന്നതിന് പുറമെ 2 ഇടത്ത് മോഷണശ്രമവും ഉണ്ടായി. മുക്കൂട്ടുതറ ടൗണിൽ തന്നെയുള്ള വ്യാപാര സ്ഥാപനങ്ങളിലാണ് പുലർച്ചെ 2 മണിയോടെ മോഷണം നടന്നത്. മുക്കൂട്ടുതറ ടൗണിലുള്ള ജെൻഔഷധി, ,പേഴത്തുവയൽ സ്റ്റോഴ്‌സ് എന്നിവിടങ്ങളിൽ നിന്നാണ് പണം കവർന്നത്. നീതി മെഡിക്കൽസ്,തകടിയേൽ ഫിഷ് മാർട്ട് എന്നിവിടങ്ങളിൽ മോഷണശ്രമവും.
സി.സി.ടി.വിയിൽ മോഷ്ടാവിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. മുഖം മൂടി ധരിച്ചയാൾ കയ്യിലുണ്ടായിരുന്ന ആയുധം ഉപയോഗിച്ച് പൂട്ട് തകർത്ത ശേഷം കടയ്ക്കുള്ളിലേയ്ക്ക് കയറുന്നതാണ് ദൃശ്യങ്ങളിലുള്ളത്. എല്ലാ സ്ഥാപനങ്ങളുടെയും പൂട്ട് തകർത്തായിരുന്നു മോഷണം . ജൻ ഔഷധിയിലെ സിസിടിവി ക്യാമറകൾ ഊരിമാറ്റിയ മോഷ്ടാവ് ഡിവി ആർ തോട്ടിലേയ്ക്ക് എറിയുകയും ചെയ്തു. സമീപത്തായി സ്ഥിതിചെയ്യുന്ന കെ.എസ്.ഇ.ബിയുടെ വൈദ്യുതി ട്രാൻസ്ഫോർമറുകളുടെ ഫ്യൂസുകൾ ഊരിമാറ്റിയതിനുശേഷമായിരുന്നു മോഷണം. ട്രാൻസ്ഫോർമറിന്റെ ചുറ്റുമുണ്ടായിരുന്ന ഗേറ്റ് തകർത്താണ് മോഷ്ടാവ് ഫ്യൂസുകൾ ഊരിമാറ്റിയത്. കൂടുതൽ പേർ സംഘത്തിൽ ഉൾപ്പെട്ടിട്ട് ഉണ്ടോ എന്ന് പൊലീസ് പരിശോധിച്ച് വരികയാണ്.