മട്ടാഞ്ചേരിയിൽ മൂന്നര വയസ്സുകാരന് നേരെ അധ്യാപികയുടെ ചൂരൽ പ്രയോഗം. എഴുതാത്തതിന്റെ പേരിലായിരുന്നു അധ്യാപികയുടെ കടുത്ത ശിക്ഷ. മട്ടാഞ്ചേരി പാലസ് റോഡ് സ്വദേശിയായ അധ്യാപിക സീതാലക്ഷ്മിയെ പൊലീസ് അറസ്റ്റ് ചെയ്തു. കോടതി ജാമ്യം അനുവദിച്ച അധ്യാപികയെ, സ്കൂള്‍ അധികൃതര്‍ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു.
എഴുതാത്തതിനും ചോദ്യത്തിന് ഉത്തരം നൽകാത്തതിനുമാണ് മൂന്നര വയസ്സുകാരനെ പ്ലേ സ്കൂൾ അധ്യാപിക ചൂരൽ കൊണ്ട് പൊതിരെ തല്ലിയത്. മട്ടാഞ്ചേരിയിലെ സ്മാർട്ട് കിഡ് പ്ലേ സ്കൂളിൽ ഇന്നലെയായിരുന്നു സംഭവം. കരഞ്ഞു തളർന്നു വീട്ടിലെത്തിയ കുഞ്ഞിന്റെ പുറത്ത് അടി കിട്ടിയ പാടുകൾ ശ്രദ്ധയിൽപ്പെട്ട മാതാപിതാക്കൾ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചു. ഇതോടെയാണ് അധ്യാപികയുടെ ചൂരൽ കഷായം പുറത്തായത്. ആശുപത്രിയധികൃതർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.
തുടർന്ന് മാതാപിതാക്കൾ നൽകിയ പരാതിയിൽ മട്ടാഞ്ചേരി പൊലീസ് അധ്യാപികയെ അറസ്റ്റ് ചെയ്തു. മട്ടാഞ്ചേരി പാലസ് റോഡ് സ്വദേശിനി സീതാലക്ഷ്മിയാണ് അറസ്റ്റിലായത്. അധ്യാപികയെ ദീർഘനാളായി അറിയാമെന്നും ഒരു കയ്യബദ്ധം ആകാം സംഭവിച്ചത് എന്നുമാണ് കുട്ടിയുടെ കുടുംബം പറയുന്നത്.