തെലങ്കാന ഉപമുഖ്യമന്ത്രിയുടെ വീട്ടിലെ മോഷണം നടത്തിയ കേസില്‍ പ്രതികള്‍ അറസ്റ്റില്‍. പശ്ചിമബംഗാളില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്. ബഞ്ചാര ഹില്‍സിലെ വീട്ടില്‍ മോഷണം നടക്കുമ്പോള്‍ തെലങ്കാന ഉപമുഖ്യമന്ത്രി മല്ലു ബട്ടി വിക്രമാര്‍ക്ക വിദേശത്തായിരുന്നു.
ബട്ടിയുടെ പേഴ്സണല്‍ സെക്രട്ടറി വീട്ടുജോലിക്കാരനെ ഫോണില്‍ വിളിച്ചപ്പോഴാണ് കുറ്റകൃത്യം നടന്നതറിയുന്നത്. മറുപടി ലഭിക്കാതായതോടെ, വസതിയില്‍ നേരിട്ടെത്തിയ സെക്രട്ടറി, വാതില്‍ തകര്‍ന്ന നിലയില്‍ കണ്ടെത്തി. തുടര്‍ന്ന് എന്തെല്ലാം മോഷണം പോയെന്ന കണക്ക് ശേഖരിച്ചു. സ്വര്‍ണനാണയങ്ങളും വിദേശകറന്‍സിയടക്കം വന്‍ തുക മോഷണം പോയിരുന്നു. അന്വേഷണം തുടരുന്നതിനിടെയാണ് പശ്ചിമബംഗാളിലെ ഖരഗ്പൂരില്‍ നിന്ന് പ്രതികളെ പിടികൂടിയത്.
പ്രതികളിലൊരാളായ റോഷന്‍ മണ്ഡല്‍ ബട്ടിയുടെ വീട്ടില്‍ നാല് മാസത്തോളം ജോലിചെയ്ത് വരികയായിരുന്നു. 2.2ലക്ഷം രൂപയും 100 ഗ്രാം സ്വര്‍ണവും അടക്കം വന്‍ തുകയാണ് പ്രതികളില്‍ നിന്ന് കണ്ടെടുത്തത്.ചോദ്യംചെയ്യലിനിടെ പ്രതികള്‍ കുറ്റം സമ്മതിച്ചു. കൂടുതല്‍ പ്രതികളുണ്ടോയെന്നതിലാണ് അന്വേഷണം തുടരുന്നത്.