കായംകുളം താലൂക്ക് ആശുപത്രിയിൽ ഏഴ് വയസുകാരന്‍റെ തുടയില്‍ മറ്റൊരു രോഗിക്ക് കുത്തിവയ്പ്പെടുത്ത സൂചി തുളച്ച് കയറി. ആശുപത്രി അധികൃതരുടെ അനാസ്ഥക്കെതിരെ മാതാപിതാക്കളുടെ പരാതിയിൽ പൊലീസ് കേസെടുത്തു. കുട്ടിയെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ വിദഗ്ധ പരിശോധനയ്ക്ക് വിധേയനാക്കി.14 വയസുവരെ കുട്ടിക്ക് വിവിധ പരിശോധനകള്‍ തുടരാനാണ് നിര്‍ദേശം. വിഡിയോ റിപ്പോര്‍ട്ട് കാണാം.
രണ്ടാഴ്ചയ്ക്ക് മുൻപ് കായംകുളം താലൂക്കാശുപത്രിയിൽ പനി ബാധിച്ച് ചികിൽസയ്ക്ക് എത്തിയതായിരുന്നു ചിറക്കടവം സ്വദേശികളായ മാതാപിതാക്കളുടെ കുട്ടി. അത്യാഹിത വിഭാഗത്തില്‍ എത്തിച്ച കുട്ടിയെ കട്ടിലിൽ കിടത്തിയപ്പോഴാണ് സൂചി തുടയ്ക്ക് മുകളിൽ തുളച്ച് കയറിയത്. കുട്ടിയെ കട്ടിലിൽ കിടത്തുന്നതിന് മുൻപ് മറ്റേതോ രോഗിക്ക് കുത്തിവെയ്പ്പ് നടത്തിയ സൂചിയും സിറിഞ്ചും കട്ടിലിൽ ഉണ്ടായിരുന്നത് മാറ്റിയിരുന്നില്ല. ഒരു രോഗി കട്ടിലിൽ നിന്ന് മാറുമ്പോൾ അടുത്ത രോഗിയെ കിടത്തുന്നതിനുമുന്‍പ് കിടക്കവിരി ഉൾപ്പെടെ നീക്കി ശുചീകരണം നടത്തേണ്ടതുണ്ട്. ആശുപത്രി ജീവനക്കാരുടെ അലംഭാവമാണ് കുട്ടിയുടെ ശരീരത്തിൽ സൂചി തുളച്ച് കയറുവാൻ കാരണമായത്.
കുത്തിവയ്പ്പിനുപയോഗിച്ച സൂചി കുട്ടിയുടെ ശരീരത്തിൽ കയറിയതിനാലാണ് വിദഗ്ധ പരിശോധനയ്ക്കായി മെഡിക്കൽ കോളേജിൽ കുട്ടിയെ എത്തിച്ചത്. എച്ച്ഐവി, എച്ച് വൺ എൻ വൻ, ഡെങ്കിപ്പനി, പോലെയുള്ള രോഗങ്ങള്‍ പിടിപെടാതിരിക്കുവാനുള്ള മുൻകരുതലിന്‍റെ ഭാഗമായുള്ള പരിശോധനകളാണ് നടത്തിയത്. എച്ച്ഐവി അടക്കമുള്ള പരിശോധനകൾക്ക് സ്വകാര്യ ലാബുകളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് കുട്ടിയുടെ മാതാപിതാക്കൾ. കുട്ടിക്ക് പതിനാല് വയസ്സുവരെ എല്ലാവർഷവും പരിശോധന തുടരണമെന്നാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്.