കാറിലെ ഡ്രൈവര്‍ സീറ്റിനോട് ചേര്‍ന്നുണ്ടാക്കിയ രഹസ്യ അറയിലൊളിപ്പിച്ച് 2.97 കോടി രൂപ കടത്താന്‍ ശ്രമിച്ച യുവാക്കള്‍ പിടിയില്‍. മലപ്പുറം അങ്ങാടിപ്പുറം സ്വദേശികളായ ജംഷാദ്, അബ്ദുല്ല എന്നിവരെ വാഹന പരിശോധനയ്ക്കിടെയാണ് പാലക്കാട് ചിറ്റൂര്‍ പൊലീസ് പിടികൂടിയത്. തമിഴ്നാട്ടില്‍ നിന്നും മലപ്പുറത്തേക്ക് കൊണ്ടുവന്ന പണമാണ് രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് പരിശോധന.
ഡ്രൈവര്‍ സീറ്റിനോട് ചേര്‍ന്നായിരുന്നു രഹസ്യ അറ നിര്‍മിച്ചിരുന്നത്. പണമൊളിപ്പിച്ച അറയുടെ മുകളില്‍ ചവിട്ടുമെത്ത കൂടി ഇട്ടപ്പോള്‍ എല്ലാം ഭദ്രം. തമിഴ്നാട്ടില്‍ നിന്നും മലപ്പുറത്തേക്ക് വരുന്നവഴി ചിറ്റൂര്‍ ആശുപത്രി ജംങ്ഷന് സമീപം പൊലീസ് വാഹനം തടഞ്ഞു. യാത്രാലക്ഷ്യവും ഇരുവരും പറഞ്ഞ സമയവുമെല്ലാം പൊലീസ് പരിശോധിച്ച് ഉറപ്പാക്കി. പണമുണ്ടോ എന്ന ചോദ്യത്തിന് ഒന്നുമില്ലെന്ന മറുപടി തുടര്‍ന്ന് കാര്‍ സ്റ്റേഷനിലെത്തിച്ച് വിശദമായി പരിശോധിച്ചപ്പോഴാണ് രഹസ്യ അറ കണ്ടെത്തിയത്. തുറന്നപ്പോള്‍ രണ്ട് കോടി തൊണ്ണൂറ്റി ഏഴ് ലക്ഷം രൂപ മൂല്യമുള്ള നോട്ടുകള്‍.
തമിഴ്നാട്ടില്‍ നിന്നും മലപ്പുറത്തേക്ക് പോവുകയായിരുന്നുവെന്ന് പറഞ്ഞ ജംഷാദും അംബ്ദുല്ലയും പണത്തിന്റെ ഉറവിടം സംബന്ധിച്ചോ കൈമാറിയവരെക്കുറിച്ചോ കൂടുതല്‍ വെളിപ്പെടുത്തിയില്ല. കച്ചവട ആവശ്യത്തിനുള്ള പണമാണെന്നും രേഖകളുണ്ടെന്നും വാദിച്ചു. പറയുന്നതല്ലാതെ രേഖകള്‍ കാണിക്കാന്‍ ഇരുവര്‍ക്കുമായില്ല. പിടിയിലായവരുടെ തമിഴ്നാട്ടിലേക്കുള്ള പോക്കും വരവും പതിവാണോ എന്ന കാര്യമാണ് ചിറ്റൂര്‍ പൊലീസ് പരിശോധിക്കുന്നത്.