gangsters

കൊച്ചി വരാപ്പുഴയിൽ പിറന്നാളാഘോഷത്തിന്റെ പേരിൽ ഒത്തുകൂടിയ് എട്ടംഗ ക്രിമിനൽ സംഘം അറസ്റ്റിൽ.  കൊലപാതകക്കേസിലടക്കം  പ്രതികളായവരെയാണ് നിർണായക നീക്കത്തിലൂടെ റൂറൽ പൊലീസ് അറസ്റ്റ്  ചെയ്തത്. കാപ്പ ചുമത്തി എറണാകുളം സിറ്റി പരിധിയിൽ നിന്ന് നാടുകടത്തിയ  ചേരനാല്ലൂർ സ്വദേശി രാധാകൃഷണനാണ് വിരുന്ന് സംഘടിപ്പിച്ചത്.

 

വരാപ്പുഴ പുഞ്ചക്കുഴിയിലെ വാടക വീട്ടിലാണ് നിരവധി ക്രിമനൽ കേസുകളിൽ പ്രതിയായ രാധാകൃഷ്ണൻ പിറന്നാളാഘോഷം സംഘടിപ്പിച്ചത്. പതിനൊന്ന്മണിയോടെ വിവിധ ജില്ലകളിൽ നിന്നുള്ള സുഹൃത്തുക്കൾ വീട്ടിലെത്തി. എല്ലാവരും വിവിധ കേസുകളിൽ പ്രതികളായവർ. ഗുണ്ടകൾ ഒത്തുകൂടുന്നത് സംബന്ധിച്ച് റൂറൽ എസ്പി വൈഭവ് സക്സേനയ്ക്ക് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതോടെ രാധാകൃഷ്ണനെ നിരീക്ഷിക്കാൻ പ്രത്യേക സംഘത്തെ തന്നെ എസ്പി ചുമതലപ്പെടുത്തി. പൊലീസിനെ പറ്റിക്കാനായി മറ്റൊരു ഓഡിറ്റോറിയവും രാധാകൃഷ്ണൻ ബുക്ക് ചെയ്തിരുന്നു. പൊലീസ് ഇവിടെ പരിശോധന നടത്തി ഇളിഭ്യരായി മടങ്ങുമെന്നായിരുന്നു ഗുണ്ടകളുടെ പ്രതീക്ഷ. 

ഗുണ്ടകളുടെ ഓരോ നീക്കവും ആഴ്ചകളായി നിരീക്ഷിക്കുന്ന എസ്പിയുടെ സ്ക്വാഡ് അംഗങ്ങൾ ഒരുമുഴം നീട്ടിയെറിഞ്ഞു. പിറന്നാളാഘോഷം നടക്കുന്ന വീടടക്കം കൃത്യമായി സ്കെച്ച് ചെയ്ത റൂറൽ പൊലീസ് ഗുണ്ടകളെല്ലാം എത്തിയെന്ന് ഉറപ്പാക്കിയ ശേഷം വീട് വളഞ്ഞു. ചാവക്കാട് സ്വദേശി അനസ്, ആലുവ സ്വദേശി അർഷാദ്, ഹരിപ്പാട് സ്വദേശികളായ സൂരജ്, യദുകൃഷ്ണൻ, വടുതല സ്വദേശി ഷെറിൻ സേവ്യർ, കൂനംതൈ തോട്ടു പുറത്ത് സുധാകരൻ, ആലത്തൂർ സ്വദേശി മുഹമ്മദ് ഷംനാസ്, ഏലൂർ കുടിയിരിക്കൽ വസന്ത് കുമാർ എന്നിവരെയാണ് വരാപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്. 

മുഹമ്മദ് ഷംനാസ് കൊലപാതകക്കേസിലെ പ്രതിയാണ്. യദുകൃഷ്ണൻ, വസന്ത്കുമാർ എന്നിവർ വധശ്രമമുൾപ്പടെയുള്ള കേസുകളിൽ പ്രതിയാണ്. ഗുണ്ടകൾക്കെതിരെ റൂറൽ പോലീസിന്റെ കർശന നടപടി തുടരുകയാണ്. കുപ്രസിദ്ധ ഗുണ്ട തമ്മനം ഫൈസലിന്റെ വീട്ടിൽ വിരുന്നിനെത്തിയ ആലപ്പുഴ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ഉൾപ്പടെയുള്ളവരും റൂറൽ പൊലീസിന്റെ പരിശോധനയിലാണ് കുടുങ്ങിയത്.  ഡിവൈ.എസ് പി എം. ജി സാബുവിനെ ഇതേ തുടർന്ന് സസ്പെൻഡ് ചെയ്തു. 

ENGLISH SUMMARY:

The gangsters who gathered for the birthday celebration of the gang leader's son were arrested