yadhu-cpm-reaction

പത്തനംതിട്ടയിൽ സിപിഎമ്മില്‍ ചേര്‍ന്ന യുവാവിനെ കഞ്ചാവുമായി പിടികൂടിയ സംഭവത്തില്‍ വിശദീകരണവുമായി സിപിഎം. യദുവിന്റെ കൈയില്‍ നിന്ന് കഞ്ചാവ് പിടിച്ചിട്ടില്ലെന്ന് സിപിഎം ഏരിയ സെക്രട്ടറി എം.വി.സഞ്ജു പറഞ്ഞു. യദുവിനെ കഞ്ചാവ് കേസില്‍ എക്സൈസ് കുടുക്കിയതെന്നാണ് പാര്‍ട്ടിയുടെ വിശദീകരണം. പിന്നില്‍ യുവമോര്‍ച്ച ബന്ധമുള്ള എക്സൈസ് ഉദ്യോഗസ്ഥന്‍ അസീസെന്നും സിപിഎം ആരോപിച്ചു. 62 പേര്‍ ബിജെപി വിട്ട് സിപിഎമ്മില്‍ ചേര്‍ന്നത് മുതല്‍ പാര്‍ട്ടിക്കെതിരെ ഗൂഢാലോചന നടക്കുന്നതായും ഏരിയ സെക്രട്ടറി പറഞ്ഞു.

 

കഴിഞ്ഞ വെള്ളിയാഴ്ചയാണ് കാപ്പാ കേസ് പ്രതി ശരൺ ചന്ദ്രൻ അടക്കം അറുപതോളം യുവാക്കൾ സിപിഎമ്മിൽ ചേർന്നത്. പത്തനംതിട്ട ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്തത് മന്ത്രി വീണാ ജോർജ് ആയിരുന്നു. കാപ്പാ കേസ്പ്രതിയെ അടക്കം മാലയിട്ട് സ്വീകരിച്ചത് സിപിഎം ജില്ലാ സെക്രട്ടറിയും. അന്ന് ശരൺ ചന്ദ്രനൊപ്പം സിപിഎമ്മിൽ ചേർന്ന യദുകൃഷ്ണൻ ആണ് തിങ്കളാഴ്ച രണ്ട് ഗ്രാം കഞ്ചാവുമായി എക്സൈസിന്റെ പിടിയിലായത്. രഹസ്യ വിവരത്തെ തുടർന്ന് പിന്തുടർന്ന് പിടികൂടുകയായിരുന്നു. അളവ് കുറവായതുകൊണ്ട് ജാമ്യത്തിൽ വിട്ടയച്ചു. 

കാപ്പാ കേസ് പ്രതിയെ സ്വീകരിച്ചത് പാർട്ടിക്കുള്ളിൽ വലിയ പൊട്ടിത്തെറി ആയിരിക്കുമ്പോഴാണ് പാർട്ടിയിൽ എത്തിയ മറ്റൊരാൾ കൂടി കഞ്ചാവ് കേസിൽ പ്രതിയാകുന്നത്. പാർട്ടിയിൽ ചേർന്നവരുടെ പശ്ചാത്തലം പരിഗണിക്കാതെ സ്വീകരിച്ചത് സമൂഹത്തിൽ അവമതിപ്പുണ്ടാക്കുമെന്നാണ് പാർട്ടിക്കുള്ളിലെ വിമർശനം. ബിജെപി ആർഎസ്എസ് പ്രസ്ഥാനങ്ങൾക്ക് വേണ്ടി ക്രിമിനൽ കേസിൽ പെട്ടവർ സ്വയം തിരുത്താനാണ് സിപിഎമ്മിൽ ചേർന്നതെന്നാണ് നേതാക്കളുടെ വാദം.

ENGLISH SUMMARY:

CPM reaction on the incident in which a youth who joined CPM was caught with ganja in Pathanamthitta.