കടം വാങ്ങിയ തുക ചോദിക്കാൻ ചെന്നയാളെ കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ. വയനാട് പുൽപള്ളി പെരിക്കല്ലൂർ സ്വദേശി റോജിയാണ് പിടിയിലായത്. പണം തരാമെന്ന് പറഞ്ഞു പെരിക്കല്ലൂർ സ്വദേശി ജോയിയെ വിളിച്ചു വരുത്തി കാറിടിച്ചും തൂമ്പ കൊണ്ട് അടിച്ചും കൊലപ്പെടുത്താനായിരുന്നു ശ്രമം.
പുൽപ്പള്ളി പെരിക്കല്ലൂരിൽ ഇന്ന് രാവിലെ 6?30 യോടെയാണ് സംഭവം. ജോയിയിൽ നിന്ന് ലക്ഷങ്ങൾ കടം വാങ്ങിയ പ്രതി റോജി കാലങ്ങളായി പണം തിരികെ നൽകിയിരുന്നില്ല. ഇന്ന് പണം തരാമെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചു വരുത്തി റോജി റോയിയെ ആക്രമിക്കുകയറിയിരുന്നു. ജോയി വരുന്നത് കാത്തിരുന്ന റോജി ആദ്യം കാറിടിച്ച് വീഴ്ത്തി. തുടർന്ന് സഹായിയും ഗുണ്ടയുമായ രജ്ഞിത്തും ചേർന്ന് തുമ്പ കൊണ്ട് കാൽ അടിച്ചൊടിച്ചു. കാല് അറ്റ് തൂങ്ങിയ അവസ്ഥയിലായി. ജോയിയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ സമീപ വാസികളാണ് രക്ഷപെടുത്തിയത്.
ഗുരുതരമായി പരുക്കേറ്റ ജോയിയെ ആദ്യം മാനന്തവാടി മെഡിക്കൽ കോളേജിലും പിന്നീട് മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുൽപള്ളിയിൽ നിന്ന് ആംബുലൻസുമായി പൊലീസെത്തിയാണ് ജോയിയെ ആശുപത്രിയിലെത്തിച്ചത്. പ്രതി റോജിയെ പുൽപ്പള്ളി പൊലീസ് കസ്റ്റഡിയിലെടുത്തു. റിയൽ എസ്റ്റേറ്റ്, ചിട്ടി ഇടപാടുകൾ നടത്തുന്ന റോജി പലർക്കും ലക്ഷങ്ങൾ നൽകാനുണ്ട്. ജോയിയുടെ തുൾപ്പെടെയുള്ള നിരവധി കേസുകളും റോജിക്കെതിരെ നിലവിലുണ്ട്.