നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ മർദിച്ച് പരുക്കേൽപ്പിച്ച ശേഷം കാറിലെത്തിയവർ ആശുപത്രിക്ക് മുന്നിൽ ഉപേക്ഷിച്ച് രക്ഷപ്പെട്ടു. പാലക്കാട് തെങ്കര സ്വദേശിയായ മുഹമ്മദ് നാഫിയെയാണ് സാരമായ പരുക്കുകളോടെ മണ്ണാർക്കാട് വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിക്ക് മുന്നിൽ രാത്രിയിൽ ഉപേക്ഷിച്ചത്. തലയ്ക്ക് ഉൾപ്പെടെ സാരമായി പരുക്കേറ്റ യുവാവ് തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലാണ്. കാപ്പ ഉൾപ്പെടെയുള്ള നടപടിക്ക് വിധേയനായ ആളാണ് നാഫിയെന്ന് പൊലീസ് അറിയിച്ചു. കാറിൽ രക്ഷപ്പെട്ടവരെ കണ്ടെത്താൻ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് മണ്ണാർക്കാട് പൊലീസ് അന്വേഷണം തുടങ്ങി.
നാഫിയോട് വൈരാഗ്യമുള്ളവരാകാം ആക്രമണം നടത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ആശുപത്രി പരിസരത്ത് പരുക്കേറ്റ നിലയിൽ കണ്ടെത്തിയ യുവാവിനെ നാട്ടുകാരാണ് ആശുപത്രിക്കുള്ളിൽ എത്തിച്ചത്. കാറിൽ രക്ഷപ്പെട്ടവരെ കണ്ടെത്താൻ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് മണ്ണാർക്കാട് പൊലീസ് അന്വേഷണം തുടങ്ങി.