kalady-crime

TOPICS COVERED

എറണാകുളം കാലടിയില്‍ പെൺസുഹൃത്തിന് സന്ദേശമയച്ച വിരോധത്താൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഏഴു പേർ അറസ്റ്റിൽ. സംഭവം നടന്ന് മണിക്കൂറുകള്‍ക്കകമാണ് പ്രതികളെ പിടികൂടിയത്. ഇന്നലെ രാത്രിയാണ് അയ്യമ്പുഴ സ്വദേശി ആക്രമിക്കപ്പെട്ടത്. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

 

കാലടി മറ്റൂർ സ്വദേശികളായ ഗൗതം കൃഷ്ണ, അലക്സ്, ശിവ പ്രസാദ്, അഭിജിത്ത്, ആകാശ്, മാർട്ടിൻ, അങ്കമാലി സ്വദേശി ഗോകുൽ, എന്നിവരെയാണ് പെരുമ്പാവൂർ എഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘവും കാലടി പൊലീസും ചേർന്ന് പിടികൂടിയത്. വ്യാഴാഴ്ച രാത്രിയാണ് സംഭവം. പ്രതികളില്‍ ഒരാളായ ഗൗതമിന്‍റെ പെണ്‍സുഹൃത്തിന് സന്ദേശമയച്ചതിന്‍റെ പേരിലാണ് അയ്യമ്പുഴ സ്വദേശി ആക്രമിക്കപ്പെട്ടത്. മറ്റൂർ ഭാഗത്തുള്ള ഹോട്ടലില്‍ നിന്നായിരുന്നു സംഭവങ്ങളുടെ തുടക്കം. അവിടെ വച്ച് യുവാവിനെ ആക്രമിച്ച് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും യുവാവും സുഹൃത്തും ഓടിരക്ഷപ്പെട്ടു. ആക്രമണത്തില്‍ പരുക്കേറ്റ യുവാവ് ആദ്യം ചികിത്സ തേടി പിന്നീട് മറ്റൂരുള്ള സുഹൃത്തിന്‍റെ വീട്ടില്‍ അഭയം തേടി. 

പുലർച്ചെ മൂന്ന് മണിയോടെ ഏഴംഗ അക്രമി സംഘം യുവാവിനെ തേടി മറ്റൂരിലെ വീട്ടിലെത്തി. ഇവിടെ നിന്ന് യുവാവിനെ പിടിച്ചുകൊണ്ടുപോയ അക്രമികള്‍ സമീപത്തെ ആളൊഴിഞ്ഞ പ്രദേശത്തെത്തിച്ച് ആക്രമിച്ചു. വടിവാളുകൊണ്ട് വെട്ടിയും വടികൊണ്ടടിച്ചും കൊലപ്പെടുത്താനായിരുന്നു ശ്രമം. ബഹളംകേട്ട് പരിസരവാസികള്‍ പുറത്തിറങ്ങിയതിന് പിന്നാലെ അക്രമികള്‍ യുവാവിന്‍റെ ബൈക്ക് തട്ടിയെടുത്ത് കടന്ന് കളഞ്ഞു. വിവരം അറിഞ്ഞതിന് പിന്നാലെ അക്രമികളെ തിരിച്ചറിഞ്ഞ പൊലീസ് മറ്റ് പൊലീസ് സ്റ്റേഷനുകളിലേക്കും വിവരം കൈമാറി. തുടര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് പ്രതികളെല്ലാം പിടിയിലായത്. എ.എസ്.പി മോഹിത് റാവത്ത്, ഇൻസ്പെക്ടർ കെ.ഷിജി എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.