archana

പ്രതി അര്‍ച്ചന ഇടത്, കൊല്ലപ്പെട്ട പുരുഷോത്തം പുത്തേവാര്‍ വലത്.

300 കോടിയുടെ കുടുംബ സ്വത്ത് കൈക്കലാക്കാന്‍ 82 കാരനായ ഭര്‍തൃപിതാവിനെ കൊലചെയ്ത മരുമകള്‍ പൊലീസ് പിടിയില്‍. കൊലപാതകം വാഹനാപകടമെന്ന് വരുത്തിതീര്‍ക്കാനായിരുന്നു പ്രതിയുടെ ശ്രമം. പുരുഷോത്തം പുത്തേവാര്‍ എന്നയാളാണ് കൊല്ലപ്പെട്ടത്.  നാഗ്പൂരിലാണ് സംഭവം. 

നഗരാസൂത്രണ വകുപ്പിലെ അസിസ്റ്റന്‍റ് ഡയറക്ടറാണ് പ്രതിയായ അര്‍ച്ചന. ഇവരെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. ഒരു കോടി രൂപയ്ക്കാണ് അര്‍ച്ചന ഭര്‍തൃപിതാവിനെതിരെ ക്വട്ടേഷന്‍ നല്‍കിയത്. പഴയ ഒരു കാര്‍ വാങ്ങി കൊലപാതകം നടപ്പാക്കാനായിരുന്നു നിര്‍ദേശം നല്‍കിയത്. കൊലപാതകമെന്ന് സംശയം തോന്നാതിരിക്കാനാണ് വാഹനം ഇടിപ്പിച്ചതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. സ്വത്ത് തട്ടിയെടുക്കാനായിരുന്നു പദ്ധതിയെന്നാണ് പൊലീസ് പറയുന്നത്.

അര്‍ച്ചനയുടെ ഭര്‍ത്താവിന്‍റെ ഡ്രൈവറും മറ്റ് രണ്ടുപേരും ഗൂഡാലോചനയുടെ ഭാഗമായിരുന്നുവെന്നാണ് പൊലീസ് നല്‍കുന്ന വിവരം.  കൊലപാതക കുറ്റവും മോട്ടര്‍ വെഹിക്കള്‍ നിയമപ്രകാരമുള്ള കുറ്റവും ചുമത്തി പൊലീസ് എല്ലാവരെയും അറസ്റ്റ് ചെയ്തു. രണ്ട് കാറും, സ്വര്‍ണവും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്.

കൊല്ലപ്പെട്ട പുരുഷോത്തം ആശുപത്രിയില്‍ ചികില്‍സയിലിരുന്ന ഭാര്യയെ കാണാന്‍ പോയി തിരിച്ചുവരുന്നതിന് ഇടയ്ക്കാണ് അദ്ദേഹത്തെ അപായപ്പെടുത്തുന്നത്. അദ്ദേഹത്തിന്‍റെ മകനും അര്‍ച്ചനയുടെ ഭര്‍ത്താവുമായ മനീഷ് ഡോക്ടറാണ്. കൊലപാതകം അന്വേഷിക്കുന്നതിനിടെ പ്രതി നഗരാസൂത്രണ വകുപ്പില്‍ നടത്തിയ ക്രമക്കേടുകളും കണ്ടെത്തി. അവര്‍ക്കെതിരെ ധാരാളം പരാതികള്‍ ഉണ്ടെങ്കിലും രാഷ്ട്രീയ സ്വാധീനത്തിന്‍റെ ബലത്തില്‍ നടപടികള്‍ ഒന്നും മുന്നോട്ട് പോയിരുന്നില്ലെന്നാണ് സൂചന.

ENGLISH SUMMARY: