കൊല്ലം നഗരം പാർട്ടി ഡ്രഗ് ഹബ്ബാകുന്നുവെന്ന മുന്നറിയിപ്പുമായി എക്സൈസ്. കുറിയർ സർവീസ് വഴി ഒരു കോടിയിലേറെ രൂപയുടെ ലഹരി വസ്തുക്കൾ കടത്തിയ കേസിൽ എക്സൈസ് സമർപ്പിച്ച കുറ്റപത്രത്തിലാണു പരാമർശം. കേസ് ഡയറി ഉൾപ്പടെ 6676 പേജുകളുള്ള കുറ്റപത്രമാണ് അന്വേഷണ സംഘത്തെ നയിക്കുന്ന അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണർ ബി.സുരേഷ് സമർപ്പിച്ചത്.
2020 സെപ്റ്റംബർ 9നായിരുന്നു കേസിനാസ്പദമായ സംഭവം. ലഹരിമരുന്നായ ക്രിസ്റ്റൽ മെത്ത് എംഡിഎംഎയുമായി ജില്ലയിലെ മൊത്ത വ്യാപാരി കൊല്ലം ആശ്രാമം കാവടിപ്പുറം നഗർ 26 പുത്തൻ കണ്ടത്തിൽ ദീപുവാണ് (25) ആദ്യം പിടിയിലായത്. തുടർന്നു നടത്തിയ അന്വേഷണത്തിൽ കൊറ്റങ്കര തട്ടാർക്കോണം അൽത്താഫ് മൻസിലിൽ അൽത്താഫും (അമൽ 26) പിടിയിലായിരുന്നു. മൂന്നും നാലും പ്രതികളെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കാതായതോടെ എക്സൈസ് തിരച്ചിൽ നോട്ടിസ് പുറപ്പെടുവിച്ചു.
നാലാം പ്രതിയായ കുണ്ടറ കാഞ്ഞിരകോട് കളപൊയ്ക വീട്ടിൽ ബ്ലസൻ ബാബുവിനെ (32) ചെന്നൈയിലെ ഫ്ലാറ്റ് വളഞ്ഞു നർക്കോട്ടിക് കൺട്രോൾ ബ്യൂറോ പിടികൂടി. തിരച്ചിൽ നോട്ടിസ് പുറത്തു വന്നതോടെ നാലാം പ്രതി ചെന്നൈയിലെ ഒരു ഫ്ലാറ്റിൽ ഒളിവിൽ താമസിക്കുന്നതായി അന്വേഷണ ഉദ്യോഗസ്ഥനു രഹസ്യവിവരം ലഭിച്ചു. ഇക്കാര്യം നർക്കോട്ടിക് കൺട്രോൾ ബ്യൂറോയെ അറിയിക്കുകയായിരുന്നു.
ഫ്ലാറ്റിൽനിന്നു ബ്ലസനെ പിടികൂടുമ്പോൾ 10 ഗ്രാം ലഹരിവസ്തു കണ്ടെടുത്തിരുന്നു. ലഹരിമരുന്നുമായി ബന്ധപ്പെട്ട് ബ്ലസൻ ബാബുവിന്റെ അക്കൗണ്ടിൽ ഒരു കോടിയോളം രൂപയുടെ ഇടപാടുകൾ നടന്നതായി അന്വേഷണത്തിൽ കണ്ടെത്തിയതായി കുറ്റപത്രത്തിൽ പറയുന്നു. മൂന്നാം പ്രതി തിരുവനന്തപുരം ചിറയിൻകീഴ് കിഴാറ്റിങ്ങൽ പുലിക്കുന്നത്തു വീട്ടിൽ വൈശാഖ് (24) ഇപ്പോഴും ഒളിവിലാണ്. പ്രതികളുടെയും സംശയിക്കപ്പെടുന്ന വ്യക്തികളുടെയും അൻപതോളം മൊബൈൽ നമ്പരുകളും പരിശോധിച്ചിരുന്നു.
മൊബൈൽ കോളുകൾ പരിശോധിച്ചതിൽ ആയിരക്കണക്കിനു കോളുകൾ പ്രതികൾ പരസ്പരം വിളിച്ചിട്ടുള്ളതായി കണ്ടെത്തി. അന്വേഷണത്തിന്റെ ഭാഗമായി രണ്ടായിരത്തോളം പേജുള്ള രേഖകളും പരിശോധിച്ചു. മുപ്പത്തിമൂന്നോളം സാക്ഷികളെയും അന്വേഷണ സംഘം കണ്ടെത്തി. ലഹരിമരുന്ന് കൈവശം വയ്ക്കൽ, കടത്തൽ, കുറ്റകരമായ ഗൂഢാലോചന, ലഹരിമരുന്നിനു പണം നിക്ഷേപിക്കൽ തുടങ്ങിയ വകുപ്പുകളാണു പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
പാർട്ടി ഡ്രഗ് എന്നറിയപ്പെടുന്ന ലഹരിമരുന്നായ ക്രിസ്റ്റൽ മെത്ത് എംഡിഎംഎക്കു നഗരത്തിൽ വ്യാപക ആവശ്യക്കാരുണ്ടെന്ന വിലയിരുത്തലാണ് എക്സൈസ് സമർപ്പിച്ച കുറ്റപത്രത്തിൽ സൂചിപ്പിക്കുന്നത്. പിടിയിലായ പ്രതികളുടെ അക്കൗണ്ട് വഴി നടന്ന ഇടപാടുകൾ പരിശോധിച്ചതിൽ ലഹരിമരുന്നിന് ആവശ്യക്കാരായെത്തിയത് കൊല്ലം നഗരത്തിൽനിന്നുള്ള യുവാക്കളും വിദ്യാർഥികളും ഉൾപ്പെടെയുള്ളവരാണ്.
സ്വകാര്യ കുറിയർ സർവീസുകൾ ഇതിനായി വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ടെന്നും കുറ്റപത്രത്തിൽ പറയുന്നു. പ്രതികളുടെ അക്കൗണ്ടിലേക്കു പണം നൽകുന്നവരുടെ പേരിൽ കുറിയറായാണു ലഹരിമരുന്ന് എത്തിയിരുന്നത്. ചെറിയ അളവിലുള്ള ലഹരിമരുന്ന് മറ്റെന്തെങ്കിലും വസ്തുക്കൾക്കൊപ്പം ചേർത്ത് അയയ്ക്കുന്നതു പലപ്പോഴും കണ്ടെത്താനും കഴിയാറില്ല.
ഒരു ഗ്രാമിന് 4000 രൂപ വരെയാണ് പ്രതികൾ ഈടാക്കിയിരുന്നത്. കഴിഞ്ഞ ദിവസവും എംഡിഎംഎയുമായി യുവാവ് പൊലീസിന്റെ പിടിയിലായിരുന്നു. ബി.സുരേഷിനെക്കൂടാതെ എക്‌സൈസ് ഇൻസ്‌പെക്ടർ ടി.രാജീവ്, പ്രിവന്റിവ് ഓഫിസർ ഗിരീഷ് കുമാർ, സിവിൽ എക്‌സൈസ് ഓഫിസർമാരായ എസ്.അശ്വന്ത്, വനിത സിവിൽ എക്‌സൈസ് ഓഫിസർമാരായ ശാലിനി ശശി, എം.എസ്.ബീന തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
എന്താണ് ക്രിസ്റ്റൽ മെത്ത്?
പാർട്ടികളിലും മറ്റും തളരാതെ ദീർഘനേരം സജീവമായിരിക്കാനും തുടർച്ചയായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനും സഹായിക്കുന്ന ലഹരി വസ്തുവെന്ന നിലയ്ക്കാണ് മെത്ത് (Crystal Methamphetamine) കുപ്രസിദ്ധമായത്. എന്നാൽ തുടക്കത്തിലെ ആനന്ദത്തിനു പിന്നാലെ ശരീരത്തെ തകർക്കുന്ന അവസ്ഥയിലേക്കെത്തിക്കും ഈ മാരക ലഹരി. ശരീരത്തിന്റെ താപനിലയും രക്തസമ്മര്‍ദവും അസാധാരണമായി ഉയരുക, ഹൃദയാഘാതം തുടങ്ങി സ്ട്രോക്കിനു വരെ കാരണമായേക്കാം.
മെത്ത് മൂക്കിലൂടെ ഉപയോഗിക്കുന്നത് ശ്വാസകോശത്തെ ദോഷമായി ബാധിക്കുന്നതിന് ഇടയാക്കും. അമിത ഉപയോഗം ചിലരെ അക്രമകാരികളാക്കുകയും ചെയ്യാറുണ്ട്. ഒരു കാലത്ത് ചൈനയിൽ വ്യാപകമായി ഉപയോഗിച്ചിരുന്ന മരുന്നാണ് മെത്ത് നിർമിക്കാനുപയോഗിക്കുന്ന എഫ്രഡിൻ. അവിടെ പാരമ്പര്യ മരുന്നുകളിലും ഒഴിച്ചുകൂട്ടാനാവാത്ത കൂട്ടായിരുന്നു ഇത്. എഫെഡ്രാ സിനിക്ക എന്ന ചെടിയിൽനിന്നാണ് എഫ്രഡിൻ ഉൽപാദിപ്പിച്ചിരുന്നത്.
ചൈനയിലും മംഗോളിയയിലുമെല്ലാം ധാരാളം കാണുന്ന ഈ ചെടിയിൽനിന്നുള്ള എഫ്രഡിൻ കായികതാരങ്ങൾ ഉത്തേജന മരുന്നായി ഉപയോഗിച്ചിരുന്നു. ഇതോടെ കടുത്ത നിയന്ത്രണവും വന്നു. അവിടെ ഇപ്പോൾ സർക്കാർ നിയന്ത്രണത്തിലാണു ചെടിയുടെ ഉൽപാദനവും ഉപയോഗവുമെല്ലാം. ഇന്ത്യയിൽ പക്ഷേ ചെടിയിൽനിന്നല്ലാതെ വിവിധ രാസവസ്തുക്കൾ ഉപയോഗിച്ചാണു നിർമാണം. കൊച്ചിയിൽനിന്നുൾപ്പെടെ എഫ്രഡിൻ കേരളത്തിൽ പലയിടത്തുനിന്നും പിടിച്ചെടുത്തിട്ടുമുണ്ട്.