കോഴിക്കോട് വീടുകള്‍ വാടകയ്ക്ക് എടുത്ത് മറ്റുള്ളവര്‍ക്ക് ലീസിന് നല്‍കി അറുപതുകാരി കോടികള്‍ തട്ടിയെന്ന് പരാതി. അശോകപുരം സ്വദേശി മെര്‍ലിനെതിരെ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തു. നൂറോളം പേരില്‍ നിന്നായി ആറ് കോടിയോളം രൂപ ഇവര്‍ തട്ടിയെന്നാണ് ആരോപണം.
ഉടമസ്ഥരില്‍ നിന്ന് വീട് വാടകയ്ക്ക് വാങ്ങിയ ശേഷം മറ്റുള്ളവര്‍ക്ക് ഇതേ വീട് ലീസിന് നല്‍കിയാണ് തട്ടിപ്പ്. കോഴിക്കോട് അശോകപുരം സ്വദേശി മെര്‍ലിനെതിരെയാണ് പരാതി. നഗരത്തിന്‍റെ പലയിടങ്ങളില്‍ നിന്നായി ഉടമസ്ഥരില്‍ നിന്ന് വീട് മെര്‍ലിന്‍ വാടകയ്ക്ക് വാങ്ങി, ശേഷം രണ്ട് മുതല്‍ 30 ലക്ഷം വരെ ഓരോ വീടും ലീസിന് നല്‍കി. ആദ്യ നാല് മാസം മെര്‍ലിന്‍ ഉടമയ്ക്ക് വാടക കൃത്യമായി നല്‍കി. പിന്നീട് വാടക മുടങ്ങിയതോടെ യഥാര്‍ഥ ഉടമ വീട്ടിലെത്തിയപ്പോഴാണ് തട്ടിപ്പ് പുറത്തറിയുന്നത്.
ഇങ്ങനെ ആറ് കോടിയില്‍ അധികം പണം ഇവര്‍ തട്ടിയെന്നാണ് പരാതി. വീട് ഒഴിയാന്‍ ഉടമസ്ഥര്‍ താമസക്കാരോട് പറഞ്ഞതോടെ ലക്ഷങ്ങള്‍ നല്‍കി വീട് ലീസിനെടുത്തവര്‍ പെരുവഴിയിലാണ്.
തട്ടിപ്പിന് ഇരയായവര്‍ നല്‍കിയ പരാതിയില്‍ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തു. തട്ടിപ്പുകാര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് പണം നഷ്ടമായവര്‍ നടക്കാവ് പൊലീസ് സ്റ്റേഷനിലെത്തി. പണം തട്ടിയ മെര്‍ലിന്‍ പാലക്കാട് ഉണ്ടെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. രണ്ട് ദിവസത്തിനുള്ളില്‍ പണം നല്‍കാമെന്നാണ് പൊലീസ് മധ്യസ്ഥതയില്‍ നടത്തിയ ചര്‍ച്ചയില്‍ മെര്‍ലിന്‍റെ ബന്ധുക്കള്‍ നിലപാട് അറിയിച്ചത്. വീട് വാടകയ്ക്ക് എടുത്ത് വഞ്ചിച്ചുവെന്ന് മെര്‍ലിനെതിരെ ഉടമസ്ഥരും പരാതി നല്‍കിയിട്ടുണ്ട്.