മദ്യലഹരിയില്‍ അഞ്ചുവയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൗമാരക്കാരന്‍. മധ്യപ്രദേശിലെ ശിവ്പുരിയിലാണ് സംഭവം. കളിച്ചു കൊണ്ട് നിന്ന പെണ്‍കുട്ടിയെ ആളൊഴിഞ്ഞ വീടിന്‍റെ ടെറസിലേക്ക് കൂട്ടിക്കൊണ്ട് പോയ പ്രതി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. പീഡനത്തില്‍ കുട്ടിയുടെ സ്വകാര്യഭാഗങ്ങള്‍ ഏറെക്കുറെ തകര്‍ന്നു. ശരീരമാസകലം കടിച്ച് മുറിവേല്‍പ്പിച്ച പാടുകളുണ്ട്. ഗുരുതരമായി പരുക്കേറ്റ പെണ്‍കുഞ്ഞ് ഗ്വാളിയാറിലെ കമല രാജ ആശുപത്രിയില്‍ ചികില്‍സയിലാണ്. സ്വകാര്യഭാഗത്ത് മാത്രം 28 തുന്നലുകളിടേണ്ടി വന്നുവെന്ന് ഡോക്ടര്‍മാര്‍ വെളിപ്പെടുത്തി.
പീഡനത്തില്‍ മലാശയം തകര്‍ന്നതിനെ തുടര്‍ന്ന് വയറില്‍ ശസ്ത്രക്രിയ നടത്തിയാണ് വിസര്‍ജ്യം പുറത്തെടുത്ത് കളഞ്ഞത്. പെണ്‍കുട്ടിയുടെ മുഖത്തും തലയിലും കൈകാല്‍മുട്ടുകളിലും മുറിവുകളുണ്ട്. രക്തത്തില്‍ കുളിച്ച് കിടന്ന പെണ്‍കുഞ്ഞിനെ മാതാപിതാക്കളാണ് ആശുപത്രിയില്‍ എത്തിച്ചതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
സംഭവത്തില്‍ പ്രതിക്കെതിരെ കര്‍ശന നടപടി വേണമെന്ന് കേന്ദ്രമന്ത്രി ജോതിരാദിത്യ സിന്ധ്യ ആവശ്യപ്പെട്ടു. പെണ്‍കുട്ടിയെ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണെന്നും സാധ്യമായ ഏറ്റവും മികച്ച ചികില്‍സ ലഭ്യമാക്കുമെന്നും അദ്ദേഹം സമൂഹമാധ്യമത്തില്‍ കുറിച്ചു. കുട്ടിയുടെ കുടുംബാംഗങ്ങളോട് താന്‍ സംസാരിച്ചുവെന്നും ഡോക്ടര്‍മാരുമായും നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.
അതേസമയം, പിഞ്ചുകുഞ്ഞിനെ ക്രൂരമായി പീഡിപ്പിച്ച പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന ആവശ്യമാണ് കുടുംബം ഉയര്‍ത്തുന്നത്. കസ്റ്റഡിയിലെടുത്ത പ്രതിയെ പൊലീസ് ജുവൈനല്‍ ഹോമിലേക്ക് മാറ്റി. പെണ്‍കുട്ടിയുടെ അയല്‍വാസിയാണ് പ്രതി.