saritha-plan

TOPICS COVERED

ബാങ്കിലുളള പണം തട്ടിയെടുക്കാനായി കൊല്ലത്ത് വനിതാ ബാങ്ക് മാനേജർ വയോധികനെ കാറിടിപ്പിച്ചു കൊന്നു. ബിഎസ്എൻഎൽ റിട്ടയർഡ് ഡിവിഷനൽ എൻജിനിയർ സി പാപ്പച്ചന്റെ മരണമാണ് കൊലപാതകമെന്ന് സ്ഥിരീകരിച്ചത്. സ്വകാര്യ ബാങ്കിന്റെ മാനേജർ കൊല്ലം സ്വദേശിനി സരിതയും ക്വട്ടേഷൻ അംഗങ്ങളും ഉൾപ്പെടെ അഞ്ചു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ മേയ് ഇരുപത്തിമൂന്നിനാണ് ആശ്രാമം അതിഥി മന്ദിരത്തിന്റെ ഭാഗത്ത് വച്ച് പാപ്പച്ചനെ കാറിടിപ്പിച്ചു വീഴ്ത്തിയത്. അജ്ഞാതവാഹനം ഇടിച്ച് സൈക്കിൾ യാത്രക്കാരനായ വയോധികന്‍‌ മരിച്ചെന്ന് കരുതിയെങ്കിലും കൊലപാതകമെന്ന് പൊലീസ് തെളിയിച്ചു. സ്വകാര്യ ബാങ്കിന്റെ മാനേജർ സരിത, അക്കൗണ്ടന്റ് അനൂപ് , ക്വട്ടേഷൻ അംഗം - അനിമോൻ, അനിമോന്റെ സുഹൃത്ത് മാഹിൻ , കാർ വാടകയ്ക്ക് നൽകിയ ആസിഫ് എന്നിവരാണ് അറസ്റ്റിലായത്. എണ്‍പതു ലക്ഷം രൂപയോളം പാപ്പച്ചൻ സരിത മാനേജരായ ബാങ്കിൽ നിക്ഷേപിച്ചിരുന്നു. ഇത് തട്ടിയെടുക്കാൻ

സരിത തിരിമറി നടത്തി. അക്കൗണ്ടൻറ് ആയ അനൂപും കൂട്ടുനിന്നു. അന്‍പതു ലക്ഷം രൂപയുടെ തിരിമറി ശ്രദ്ധയിൽപ്പെട്ട പാപ്പച്ചൻ ഇത് ചോദ്യം ചെയ്തു. അങ്ങനെയാണ് പാപ്പച്ചനെ കൊല്ലാനായി ബാങ്ക് മാനേജരായ സരിത അനിമോന് ക്വട്ടേഷൻ നൽകുന്നത്.  പാപ്പച്ചൻ കുടുംബവുമായി നല്ല ബന്ധത്തിലല്ല എന്ന വിവരം മാനേജർ അടക്കമുള്ളവർക്ക് അറിയാമായിരുന്നു.പാപ്പച്ചൻ മരിച്ചാൽ തുക ചോദിച്ച് ആരും വരില്ലെന്നും വ്യക്തമായി.  പ്രശ്നം ചര്‍ച്ചയിലൂടെ പരിഹരിക്കാനെന്ന രിതീയിൽ സരിതയുടെ കൂട്ടാളിയായ അനൂപ് പാപ്പച്ചനെ ആശ്രാമം അതിഥി മന്ദിരം ഭാഗത്തേക്ക് വിളിച്ചു വരുത്തി. സൈക്കിളില്‍ എത്തിയ പാപ്പച്ചനെ അനിമോന്‍ കാറിടിപ്പിച്ചു കൊന്നു.

 

ക്വട്ടേഷന്‍‌ നടപ്പാക്കിയതിന് പതിനഞ്ചു ലക്ഷം രൂപയോളം അനിമോനും കൂട്ടാളികളും സരിതയില്‍ നിന്ന് കൈപ്പറ്റി. എട്ട് ക്രിമിനല്‍കേസുകളിലെ പ്രതിയായ അനിമോനും സരിതയും മുന്‍പ് മറ്റൊരു ബാങ്കില്‍ ജോലി ചെയ്തിട്ടുണ്ട്. പന്തളം കുടശനാട് സ്വദേശിയായ പാപ്പച്ചന്‍‌ ശങ്കേഴ്സ് ആശുപത്രിക്ക് സമീപമുളള വീട്ടിലാണ് താമസിച്ചിരുന്നത്.

പതിവ് സൈക്കിൾ യാത്രക്കാരനായിരുന്ന പാപ്പച്ചനെ ആദ്യം ഓട്ടോ ഇടിച്ചു വീഴ്ത്താൻ ആയിരുന്നു പ്രതികൾ പ്ലാൻ ചെയ്തത്. അത് നടക്കാതെ വന്നപ്പോഴാണ് കാർ വാടകയ്ക്ക് എടുത്ത് കൃത്യം നടത്തിയത്. അപകട മരണമായി തള്ളപ്പെടുമായിരുന്ന കേസാണ് ഈസ്റ്റ് പോലീസിന്റെ മികവുറ്റ അന്വേഷണത്തിൽ കൊലപാതകം എന്ന് കണ്ടെത്തിയതും പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തതും.

ENGLISH SUMMARY:

pappachan murder; five arrested