fraud-bishop

TOPICS COVERED

മെഡിക്കല്‍ കോളജില്‍ സീറ്റ് തരപ്പെടുത്താന്‍ ബിഷപ് ചമഞ്ഞ് എണ്‍പത്തിയൊന്നു ലക്ഷം രൂപ തട്ടിയെടുത്ത ചെന്നൈക്കാരനെ തൃശൂരില്‍ അറസ്റ്റ് ചെയ്തു. വെല്ലൂര്‍ സി.എം.സി. മെഡിക്കല്‍ കോളജില്‍ എം.ബി.ബി.എസ് സീറ്റ് നല്‍കാമെന്ന് പറഞ്ഞായിരുന്നു പണം തട്ടിയത്. 

 

ബിഷപ്പ് ആണെന്ന് സ്വയം പരിചയപ്പെടുത്തിയാണ് തട്ടിപ്പുകാരന്‍ പോള്‍ഗ്ലാഡ്സറ്റന്‍ രംഗത്തു വരുന്നത്. തൃശൂര്‍ പടിഞ്ഞാറെകോട്ട സ്വദേശിയായ ഡോക്ടര്‍ ഡേവിസ് തോമസില്‍ നിന്ന് തട്ടിയത് 81 ലക്ഷം രൂപ. ഇടനിലക്കാരന്‍ മുഖേനയാണ് വെല്ലൂരില്‍ പോയി പോള്‍ ഗ്ലാഡ്സ്റ്റനെ കണ്ടത്. ലോഡ്ജ് മുറിയിലായിരുന്നു കൂടിക്കാഴ്ച. തലയില്‍ കൈവച്ചനുഗ്രഹിച്ച ശേഷം പ്രാര്‍ഥന. പിന്നാലെ, പണം വാങ്ങുകയാണ് പതിവ്. ഒട്ടേറെ മലയാളി രക്ഷിതാക്കള്‍ ഗ്ലാഡ്സ്റ്റന്റെ വലയില്‍ കുടുങ്ങി. 

തൃശൂര്‍ വെസ്റ്റ് പൊലീസ് ആണ് ചെന്നൈയില്‍ പോയി പ്രതിയെ പിടികൂടിയത്. തമിഴ്നാട്ടിലും ഒട്ടേറെ തട്ടിപ്പുക്കേസില്‍ പ്രതി. ബിഷപ്പിന്റെ വേഷം ധരിച്ചെത്തി രക്ഷിതാക്കളുടെ വിശ്വാസം നേടിയെടുത്താണ് തട്ടിപ്പ്. കോടികള്‍ തട്ടിച്ചെടുത്ത് മുങ്ങിയ പ്രതിയെ ഏറെ പണിപ്പെട്ടാണ് പൊലീസ് പിടികൂടി തൃശൂരില്‍ എത്തിച്ചത്. കസ്റ്റഡിയില്‍ വാങ്ങിയ ശേഷം കൂടുതല്‍ ചോദ്യംചെയ്യുമെന്ന് പൊലീസ് പറഞ്ഞു.