ചേര്‍ത്തലയിലെ ഡോക്ടറെ ഓണ്‍ലൈന്‍ തട്ടിപ്പിനിരയാക്കിയ തായ്‌വാന്‍കാര്‍ പിടിയില്‍. വാങ്ചുന്‍ വേ, ഷെന്‍വേ ചുങ് എന്നിവരാണ് ക്രൈംബ്രാഞ്ചിന്‍റെ പിടിയിലായത്. ഗുജറാത്തില്‍ നിന്ന് പിടികൂടിയ പ്രതികളെ ആലപ്പുഴയില്‍ എത്തിച്ചു. ഡോക്ടറെ പറ്റിച്ച് 7.65 കോടിയുടെ ഓണ്‍ലൈന്‍ തട്ടിപ്പാണ് തായ്വാന്‍കാര്‍ നടത്തിയത്. ഓണ്‍ലൈന്‍ ട്രേഡിങ് സ്ഥാപനത്തില്‍ പങ്കാളിയാക്കാം എന്നു പറഞ്ഞാണ് ഡോക്ടറെ കബളിപ്പിച്ചത്.
ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ കാര്‍ഡിയോളജി വിഭാഗം ഡോക്ടറായ വിനയകുമാറിനെയാണ് സംഘം കബളിപ്പിച്ചത്. ഈ കേസില്‍ നേരത്തേ 5 പേരെ സൈബര്‍ കുറ്റകൃത്യം നോക്കുന്ന പൊലീസ് പിടികൂടിയിരുന്നു. അവര്‍ യുപി, കര്‍ണാടക സ്വദേശികളായിരുന്നു. അതുമായി ബന്ധപ്പെട്ട അന്വേഷണത്തിനൊടുവിലാണ് ഈ പ്രതികളെപ്പറ്റി സൂചന ലഭിച്ചത്.
ഈ കേസിലെ സൂത്രധാരന്മാരായ 2 പേര്‍ ഗുജറാത്തിലെ അഹമ്മദാബാദിലെ സബര്‍മതി സെന്‍ട്രല്‍ ജയിലില്‍ ജുഡിഷ്യല്‍ കസറ്റഡിയില്‍ കഴിയുന്നുണ്ടെന്ന വിവരമാണ് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ക്രൈംബ്രാഞ്ചിന് ലഭിച്ചത്. തുടര്‍ന്ന് ആലപ്പുഴയിലെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ഗുജറാത്തിലെത്തി ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
വേറെയും ഓണ്‍ലൈന്‍ തട്ടിപ്പുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്ന് പൊലീസ് അറിയിച്ചു. നാളെ തെളിവെടുപ്പിന് ശേഷം പ്രതികളെ ചേര്‍ത്തലയിലെ ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.