വാര്‍ത്തകളില്‍ സൈബര്‍ തട്ടിപ്പുകള്‍ നിറഞ്ഞുനിന്ന ഒരു വര്‍ഷമാണ് കടന്നുപോയത്. പലതരത്തിലുള്ള തട്ടിപ്പുകളില്‍ എല്ലാം നഷ്ടപ്പെട്ട നിരവധിപേരെ നാമെല്ലാവരും കണ്ടു. എന്നാല്‍ മിനിസ്ട്രി ഓഫ് ഹോം അഫൈഴ്സിന്‍റെ പുതിയ റിപ്പോര്‍ട്ട് ഞെട്ടിക്കുന്നതാണ്. 2024ല്‍ ആദ്യത്തെ മൂന്ന് മാസങ്ങളില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്ത കുറ്റകൃത്യങ്ങളുടെ എണ്ണം പരിശോധിച്ചാല്‍ മതി സോഷ്യല്‍ മീഡിയ കേന്ദ്രീകരിച്ചാണ് സൈബര്‍ തട്ടിപ്പുകളത്രയും ആസൂത്രണം ചെയ്യപ്പെട്ടതെന്ന് മനസിലാക്കാന്‍. വാട്സാപ്പിലൂടെ ഏകദേശം 43,797 സൈബര്‍ തട്ടിപ്പുകള്‍ നടന്നതായാണ് റിപ്പോര്‍ട്ടുകള്‍, 22,680 കുറ്റകൃത്യങ്ങള്‍ ടെലഗ്രാമിലൂടെയും 19,800 എണ്ണം ഇന്‍സ്റ്റഗ്രാമിലൂടെയും നടന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
സൈബര്‍ കുറ്റവാളികള്‍ 2023-2024 കാലയളവില്‍ ഗൂഗിള്‍ സര്‍വീസുകള്‍ കൂടുതലായി ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. പ്രധാനമായും ഗൂഗിള്‍ അഡ്വര്‍ടൈസ്മെന്‍റ് പ്ലാറ്റ്ഫോമിലൂടെയാണ് ഇവര്‍ ഇരകള്‍ക്കായി ചൂണ്ടക്കൊളുത്തുകളിട്ട് കാത്തിരിക്കുന്നത്. ഇതിലൂടെ അതിര്‍ത്തികള്‍ക്കപ്പുറമുള്ളവരെയും കെണിയില്‍പ്പെടുത്താന്‍ സാധിക്കുമെന്നതാണ് ഇവര്‍ കാണുന്ന നേട്ടം. വ്യക്തിപരമായ അടുപ്പമുണ്ടാക്കി വാഗ്ദാനങ്ങള്‍ നല്‍കി കബളിപ്പിച്ച് പണം തട്ടിയെടുക്കുന്ന രീതിയായ പിഗ് ബുച്ചറിങ് സ്കാം അഥവാ പന്നി കശാപ്പ് തട്ടിപ്പും ഇന്‍വെസ്റ്റ്മെന്‍റ് തട്ടിപ്പും കഴിഞ്ഞ വര്‍ഷങ്ങളില്‍ ഏറെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു. തൊഴിലില്ലാത്ത ചെറുപ്പക്കാര്‍, വീട്ടമ്മമാര്‍, വിദ്യാര്‍ഥികള്‍, സാമ്പത്തികമായി ബുദ്ധിമുട്ട് നേരിടുന്നവര്‍ തുടങ്ങിയവരാണ് പ്രധാനമായും ഇത്തരം തട്ടിപ്പുകള്‍ക്ക് ഇരയാവുന്നത്. പലപ്പോഴും കടം വാങ്ങിയതടക്കം വലിയ തുകയാണ് നഷ്ടം വരാറ്.
ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ കൂടിവരുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്‍റര്‍ അഥവാ I4C ഗൂഗിള്‍, ഫേസ്ബുക്ക് എന്നീ പ്ലാറ്റ് ഫോമുകളുമായി ചേര്‍ന്ന് പ്രധാനവിവരങ്ങള്‍ പങ്കിടാനും നിയമവിരുദ്ധമായ ഡിജിറ്റൽ ലെൻഡിംഗ് ആപ്പുകൾ തിരിച്ചറിയാനും ഗൂഗിളിന്റെ ഫയർബേസ് പോലുള്ള ഹോസ്റ്റിംഗ് പ്ലാറ്റ്ഫോമുകള്‍ ദുരുപയോഗം ചെയ്യുന്നത് തടയാനും നടപടി സ്വീകരിച്ചു. സാധാരണക്കാര്‍ക്ക് ഭീഷണിയാകുന്ന ആൻഡ്രോയിഡ് ബാങ്കിംഗ് മാൽവെയറുകളും മറ്റ് സൈബർ ഭീഷണികളും തിരിച്ചറിയുന്നതും ഇവരുടെ പരിധിയില്‍പ്പെടുന്നു.സർക്കാർ ഏജൻസികളും ഫേസ്ബുക്ക് പോലുള്ള ടെക് പ്ലാറ്റ്ഫോമുകളും തമ്മില്‍ സഹകരിക്കുക വഴി തട്ടിപ്പുകൾ തടയാനും ഓൺലൈൻ തട്ടിപ്പുകളിൽ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കാനും സാധിക്കും.
ഇന്ത്യൻ സർക്കാരിന്റെ ദേശീയ സൈബർക്രൈം റിപ്പോർട്ടിംഗ് പോർട്ടൽ വഴി ആര്‍ക്കും ഓൺലൈനിൽ സൈബർക്രൈം പരാതികൾ നൽകാൻ സാധിക്കും.സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള കുറ്റകൃത്യങ്ങള്‍ പ്രത്യേകമായി പരാതിപ്പെടാനുള്ള സംവിധാനവുമുണ്ട്. .ഹാക്കിംഗ്, ഐഡന്റിറ്റി തട്ടിപ്പ്, ഓൺലൈൻ തട്ടിപ്പ്, സൈബർബുള്ളിയിംഗ് എന്നിവയുള്‍പ്പെടെ എല്ലാ ക്രിമിനൽ കാര്യങ്ങളും പരാതിപ്പെടാം. ഉപഭോക്താക്കൾക്ക് പരാതികൾ നൽകാനും, തെളിവുകൾ അപ്‌ലോഡ് ചെയ്യാനും, കേസുകളുടെ പുരോഗതി നിരീക്ഷിക്കാനും സാധിക്കും. കൂടാതെ, സൈബർ സുരക്ഷാ സൂചനകളും മാർഗനിർദേശങ്ങളും ഉൾപ്പെടുന്ന വിഭവങ്ങൾ ഉപഭോക്താക്കൾക്ക് സൈബർ കുറ്റകൃത്യങ്ങള്‍ ഒഴിവാക്കുന്നതിന് സഹായകരമാവുകയും ചെയ്യും.