ai-photos

ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയുടെ എഐ നിര്‍മിത നഗ്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച സംഭവത്തില്‍ പരാതി നല്‍കി മാതാപിതാക്കള്‍. ബെംഗളൂരുവിലാണ് സംഭവം നടന്നത്. ബെംഗളൂരുവിലെ സിബിഎസ്ഇ സ്കൂള്‍ വിദ്യാര്‍ഥിനിയായ ഒന്‍പതാം ക്ലാസുകാരിയുടെ നഗ്ന ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. പെണ്‍കുട്ടിയുടെ സുഹൃത്തുക്കളുടെ ഇന്‍സ്റ്റഗ്രാം ഗ്രൂപ്പിലാണ് ചിത്രങ്ങള്‍ ആദ്യം പ്രത്യക്ഷപ്പെട്ടത്. ഒപ്പം പഠിക്കുന്ന മറ്റൊരു സഹപാഠിയുടെയും ചിത്രങ്ങള്‍ ഇപ്രകാരം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചതായും പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

പെണ്‍കുട്ടി ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങളെടുത്താണാണ് നഗ്ന ചിത്രങ്ങളാക്കി മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമിലെ തന്നെ ഏതെങ്കിലും സുഹൃത്തുക്കളാകാം ഇതിന് പിന്നിലെന്നാണ് സംശയിക്കുന്നതെന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പൊലീസിനോട് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് സൈബര്‍ ക്രൈം സെല്ലിലും മാതാപിതാക്കള്‍ പരാതി നല്‍കി. മാതാപിതാക്കളുടെ പരാതിയില്‍ സൈബര്‍ സെല്‍ ഐപി അഡ്രസ് കണ്ടെത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

പെണ്‍കുട്ടിയുടെ 20 സുഹൃത്തുക്കള്‍ അടങ്ങുന്ന  ഇന്‍സ്റ്റഗ്രാം ഗ്രൂപ്പിലാണ് ചിത്രങ്ങള്‍ ആദ്യം പ്രത്യക്ഷപ്പെട്ടത്. ഗ്രൂപ്പിലുളള വിദ്യാര്‍ഥികളില്‍ ചിലരാണ് ഈ വിവരം പെണ്‍കുട്ടിയെ അറിയിച്ചത്. വ്യാജ ഐഡിയില്‍ നിന്നുമാണ് ഗ്രൂപ്പില്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യപ്പെട്ടതെന്നാണ് പെണ്‍കുട്ടിയുടെ സുഹൃത്തുക്കള്‍ പറയുന്നത്. ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത ശേഷം ആ ഐഡി പിന്നീട് ഡീആക്ടിവേറ്റ് ചെയ്യപ്പെട്ടിട്ടുണ്ടാകാം എന്നാണ് സൈബര്‍ ക്രൈം സെല്ലിന്‍റെ നിഗമനം. 

ഈ സംഭവത്തില്‍ സ്കൂള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തണം എന്നുളള മാതാപിതാക്കളുടെ ആവശ്യത്തിന് സ്കൂള്‍ അധികൃതര്‍ അനുമതി നല്‍കി. എന്നാല്‍ പെണ്‍കുട്ടിക്കൊപ്പം പഠിക്കുന്ന വിദ്യാര്‍ഥി തന്നെയാകാം ഈ പ്രവര്‍ത്തിക്ക് പിന്നിലെന്നാണ് സംശയിക്കുന്നതെന്ന് സ്കൂള്‍ അധികൃതരും സംശയം പ്രകടിപ്പിച്ചു. ഈ വിഷയത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് സ്കൂള്‍ അധികൃതര്‍ വ്യക്തമാക്കി. 

ENGLISH SUMMARY:

Bengaluru school girl’s AI-generated nude photos surface Social Media