അതിസമ്പന്നനാണെങ്കിലും നാല് വർഷങ്ങളായി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിക്ക് കമ്പനിയില്‍ നിന്ന് ശമ്പളമില്ല. 2023-24 സാമ്പത്തിക വർഷത്തിൽ ചെയർമാൻ എന്ന നിലയിൽ അംബാനിക്ക് വേതനമൊന്നും നൽകിയിട്ടില്ലെന്ന് റിലയൻസ് ഇൻഡസ്ട്രീസിന്റെ വാർഷിക റിപ്പോർട്ട് വ്യക്തമാക്കുന്നു. 2020 സാമ്പത്തിക വർഷം വരെ 15 കോടി രൂപ ശമ്പളം വാങ്ങിയ അംബാനി കോവിഡിനെ തുടർന്നാണ് ശമ്പളം ഒഴിവാക്കിയത്.
അതേസമയം 109 ബില്യൺ ഡോളർ ആസ്തിയുള്ള അംബാനി ലോകത്തിലെ അതി സമ്പന്നരിൽ പതിനൊന്നാമനാണ്. റിലയൻസ് ഇൻഡസ്ട്രീസിൽ 50.33 ശതമാനം ഓഹരി പങ്കാളിത്തമാണ് അംബാനിക്കും കുടുംബത്തിനുമുള്ളത്. കഴിഞ്ഞ സാമ്പത്തിക വർഷം 10 രൂപ ലാഭവിഹിതം പ്രഖ്യാപിച്ച വകയിൽ 3322.7 കോടി രൂപയാണ് അംബാനി കുടുംബത്തിന് ലഭിച്ചത്. അതേസമയം, അംബാനിക്കും കുടുംബത്തിനും സുരക്ഷ ഒരുക്കുന്നത് റിലയന്‍സ് തന്നെയാണ്. ഒപ്പം ബിസിനസ് യാത്രകൾക്കുള്ള ചെലവ് വഹിക്കുന്നതും കമ്പനിയാണ്. 1977 മുതൽ റിലയൻസ് ബോർഡിലുള്ള അദ്ദേഹം 2002 ൽ പിതാവ് ധീരുബായ് അംബാനിയുടെ മരണത്തോടെയാണ് ചെയർമാനായെത്തുന്നത്.
മുകേഷ് അംബാനിക്ക് ശമ്പളമില്ലെങ്കിലും കുടുംബാംഗങ്ങളുടെയും മക്കളുടെ വരുമാനം ഇങ്ങനെ,
ധീരുബായ് അംബാനിയുടെ മൂത്ത സഹോദരിയുടെ മക്കളായ നിഖിൽ, ഹിതാൽ മെസ്വാനി എന്നിവരുടെ വേതനം കഴിഞ്ഞ സാമ്പത്തിക വർഷം മുതൽ വർധിച്ചു. നേരത്തെ 25 കോടി രൂപയായിരുന്ന ശമ്പളം നിലവിൽ 25.31 കോടി രൂപ, 25.42 കോടി രൂപ എന്നിങ്ങനെയാണ്. അബാനിയുടെ ഭാര്യ നിതാ അംബാനി 2023 ഓഗസ്റ്റ് വരെ കമ്പനിയിൽ നോൺ എക്സിക്യൂട്ടീവ് ഡയറക്ടറായിരുന്നു. 2 ലക്ഷം രൂപ സിറ്റിങ് ഫീസും 97 ലക്ഷം രൂപ കമ്മീഷനുമാണ് നിതയ്ക്ക് ലഭിച്ചത്. 2023 ഒക്ടോബറിൽ ബോർഡിലെത്തിയ അംബാനിയുടെ മക്കളായ ഇഷ, ആകാശ്, ആനന്ദ് എന്നിവർക്കും ശമ്പളമില്ല. അതേസമയും 4 ലക്ഷം രൂപ വീതം സിറ്റിങ് ഫീസും 97 ലക്ഷം രൂപ വീതം കമ്മീഷനും മൂവർക്കും ലഭിച്ചു