mahila-samman-savings-scheme

TOPICS COVERED

പലിശ നിരക്ക് ഉയർന്ന് നിൽക്കുന്ന കാലമാണ്. ബാങ്കുകളെല്ലാം സ്ഥിര നിക്ഷേപങ്ങൾക്ക് മാന്യമായ പലിശ നിരക്ക് നൽകുന്നുണ്ട്. അധികം റിസ്കെടുക്കാതെ ബാങ്ക് നിക്ഷേപങ്ങളെ സമീപിക്കുന്ന കാലമാണ്. എന്നാലും നിക്ഷേപം നടത്താൻ പോകുന്നതിന് മുൻപ് മുന്നിലുള്ള സാധ്യതകൾ പൂർണമായും അറിയുക എന്നത് പ്രധാനമാണ്. ഹ്രസ്വകാലത്തേക്ക് മികച്ച പലിശ നൽകുന്ന, എസ്ബിഐയേക്കാൾ പലിശ നൽകുന്ന നിക്ഷേപമാണ് കേന്ദ്ര സർക്കാർ ആരംഭിച്ച മഹിള സമ്മാൻ സേവിങ്സ് സ്കീം. 

സ്ത്രീകൾക്കായി 2023 ബജറ്റിലാണ് കേന്ദ്ര സർക്കാർ മഹിള സമ്മാൻ സേവിങ്സ് സ്കീം ആരംഭിച്ചത്. 2025 മാർച്ച് 31 വരെയാണ് പദ്ധതിയുടെ കാലാവധി. ഇക്കാലയളവോളം 7.50 ശതമാനം പലിശ നിരക്കിൽ നിക്ഷേപം നടത്താം. സ്ത്രീകൾക്ക് മാത്രമായുള്ള പദ്ധതിയിൽ പെൺകുട്ടികൾക്കും അക്കൗണ്ടെടുക്കാം. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ പേരിൽ രക്ഷിതാവിന് അക്കൗണ്ടെടുക്കാൻ സാധിക്കും. അക്കൗണ്ടെടുക്കുന്നതിന് പരിധിയില്ലെങ്കിലും നിക്ഷേപ പരിധി മറികടക്കാൻ പാടില്ല. 

2 ലക്ഷം രൂപയാണ് മഹിളാ സമ്മാൻ സേവിങ്സ് സ്കീമിലെ പരമാവധി നിക്ഷേപം. എത്ര അക്കൗണ്ട് ആരംഭിച്ചാലും ഈ പരിധിയിലധികം നിക്ഷേപിക്കാൻ പിടില്ല. കുറഞ്ഞത് 1,000 രൂപ നിക്ഷേപിക്കണം. പോസ്റ്റ് ഓഫീസിൽ നിന്നും പൊതുമേഖലാ ബാങ്കുകളിൽ നിന്നും അക്കൗണ്ട് ആരംഭിക്കാനുള്ള സൗകര്യം ലഭിക്കും. അക്കൗണ്ട് ആരംഭിക്കുന്നതിന് അക്കൗണ്ട് ഓപ്പണിങ് ഫോമിനൊപ്പം കെവൈസി രേഖകളായി ആധാർ, പാൻ കാർഡ്, ഡെപ്പോസിറ്റ് തുക/ചെക്ക് എന്നിവ ഹാജരാക്കണം. ഒന്നിലധികം അക്കൗണ്ടെടുക്കുന്നവരാണെങ്കിൽ അക്കൗണ്ട് തുറക്കുന്നതിന് മൂന്ന് മാസത്തെ ഇടവേള ആവശ്യമാണ്. 

ബാങ്ക് സ്ഥിര നിക്ഷേപങ്ങളിൽ നിന്ന് വ്യത്യസ്തമായി പിൻവലിക്കൽ നിയമങ്ങളിൽ അക്കൗണ്ട് കാലാവധി പൂർത്തിയാകുന്നതിന് മുൻപ് അക്കൗണ്ടിലുള്ള തുകയുടെ പരമാവധി 40 ശതമാനം വരെ പിൻവലിക്കാൻ അക്കൗണ്ട് ഉടമയ്ക്ക് അർഹതയുണ്ട്. നിക്ഷേപ കാലാവധിയിൽ ഒരു തവണ മാത്രമെ പിൻവലിക്കാൻ അനുവദിക്കുകയുള്ളൂ. അക്കൗണ്ട് തുറന്ന ദിവസം മുതൽ ആറ് മാസത്തിന് ശേഷം അക്കൗണ്ട് ക്ലോസ് ചെയ്യാം. ഈ ഘട്ടത്തിൽ നിക്ഷേപകയ്ക്ക് 2 ശതമാനം പിഴ ഈടാക്കും. 5.50 ശതമാനമാണ് ഇക്കാലയളവിൽ മഹിളാ സമ്മാൻ സേവിങ്സ് സ്കീമിന് ലഭിക്കുക.