income-tax-salaried-persons

ആദായ നികുതി റിട്ടേൺ സമർപ്പിക്കാനുള്ളവരാണെങ്കിൽ ആദ്യമെ മുന്നറിയിപ്പ് നൽകിയേകാം, സമയപരിധി ജൂലൈ 31 ന് അവസാനിക്കും, ഇനി രണ്ട് മാസത്തോളമാണ് ബാക്കി. അതിനാൽ തന്നെ റിട്ടേൺ സമർപ്പിക്കാൻ ആവശ്യമായ രേഖകൾ ശേഖരിച്ച് വേഗത്തിൽ നടപടികൾ പൂർത്തിയാക്കുകയാണ് വേണ്ടത്. ആദായ നികുതി റിട്ടേൺ സമർപ്പിക്കുന്നതിന് മുൻപ് ആധാർ പാനുമായി ലിങ്ക് ചെയ്തതാണെന്ന് ഉറപ്പാക്കണം. റീഫണ്ട് ലഭിക്കേണ്ട ബാങ്ക് അക്കൗണ്ട് വാലിഡേറ്റ് ചെയ്യേണ്ടതുമുണ്ട്. ശമ്പളക്കാരായ നികുതിദായകർ ചിലകാര്യങ്ങൾ കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. 

കൃത്യമായ ആദായ നികുതി ഫോം തിരഞ്ഞെടുക്കുക എന്നതാണ് ഇതിൽ ആദ്യത്തേത്. തെറ്റായ ഫോം ഉപയോഗിച്ച് ആദായ നികുതി റിട്ടേൺ ഫയൽ ചെയ്താൽ നികുതി റിട്ടേൺ സാധുവാകില്ല. ശമ്പളക്കാരാണെങ്കിൽ ഐടിആർ-1 തിരഞ്ഞെടുക്കണം. സാമ്പത്തിക വർഷത്തിൽ ആകെ വരുമാനം 50 ലക്ഷം രൂപയിൽ കൂടാത്ത, റസിഡൻറ് സ്റ്റാറ്റസുള്ള ഇന്ത്യക്കാർക്ക് ഐടിആർ-1 തിരഞ്ഞെടുക്കാം. ശമ്പളം, വസ്തുവിൽ നിന്നുള്ള വരുമാനം, പെൻഷൻ വരുമാനം, 5000 രൂപ വരെയുള്ള കാർഷിക വരുമാനം, നിക്ഷേപങ്ങളിൽ നിന്നുള്ള പലിശ വരുമാനം എന്നി വരുമാനമുള്ളവർക്ക് ഈ ഫോം ഉപയോഗിക്കാം. 

ആദായ നികുതി റിട്ടേൺ സമർപ്പിക്കുന്നതിന് മുൻപ് വാർഷിക വിവര പ്രസ്താവന (AIS), ഫോം16 ൻറെ കോപ്പികൾ, ഫോം 26എഎസ് എന്നിവ ഡൗൺലോഡ് ചെയ്ത് പരിശോധിക്കണം. ടിഡിഎസ്/ ഡിസിഎസ് വിശദാംശങ്ങൾ എഐഎസ്, 26എഎസ് രേഖകളിലാണ് കാണുക. റിട്ടേൺ സമർപ്പിക്കുന്നതിന് മുൻപായി ഇവയിലെ പൊരുത്തകേടില്ലെന്ന് പരിശോധിച്ച് ഉറപ്പിക്കാം. അതേസമയം ശമ്പളക്കാരാണെങ്കിൽ ജൂൺ 15 ന് ശേഷം റിട്ടേൺ ഫയൽ ചെയ്യുന്നതാണ് അനുയോജ്യം. 

ശമ്പളക്കാരുടെ വാർഷിക വിവര പ്രസ്താവന, ഫോം 26എഎസ് എന്നിവ പൂർണമായും അപ്ഡേറ്റാവുന്നത് മേയ് 31 ഓടെയാണ്. ജൂൺ 15 നാണ് ശമ്പളക്കാർക്ക് ടിഡിഎസ് സർട്ടിഫിക്കറ്റ് ലഭിക്കുന്നത്. തെറ്റായ വിവര പ്രകാരം റിട്ടേൺ സമർപ്പിച്ച് പിഴ വാങ്ങുന്നതിന് പകരം ജൂൺ 15 വരെ കാത്തിരിക്കുന്നതാകും ഉചിതം. നികുതി പരി​ഗണിക്കാതെ, വ്യക്തികളുടെ പൂർണമായ സാമ്പത്തിക ഇടപാടുകൾ ലഭ്യമാക്കുന്ന രേഖയാണ് വാർഷിക വിവര പ്രസ്താവന.

ആദായ നികുതി റിട്ടേണിൽ പാൻ, മേൽവിലാസം, ബാങ്ക് അക്കൗണ്ട് വിവരം തുടങ്ങിയ പ്രീഫിൽഡായി രേഖപ്പെടുത്തും. ഇവയും പരിശോധിച്ച് തെറ്റില്ലെന്ന് ഉറപ്പിക്കേണ്ടതുണ്ട്. റിട്ടേൺ സമർപ്പിച്ച ശേഷം റിട്ടേൺ  വെരിഫൈ ചെയ്യേണ്ടതുണ്ട്. ഇ–ഫയലിംഗ് ചെയ്തവരാണെങ്കിൽ ഇ–വെരിഫൈ ചെയ്യേണ്ടതാണെന്ന് ഓർക്കണം. റിട്ടേൺ ആദായനികുതി വകുപ്പിൻറെ ബെംഗളൂരുവിലെ കേന്ദ്രീകൃത പ്രോസസ്സിങ് സെൻററിലേക്ക് അയച്ചും വെരിഫൈ ചെയ്യാവുന്നതാണ്. 

ENGLISH SUMMARY:

These Things To Be Noted Salaried Individuals While Filing income Tax Return