തിരഞ്ഞെടുത്ത കാന്‍സര്‍ മരുന്നുകള്‍ക്ക് നികുതി കുറയ്ക്കാന്‍ ഡല്‍ഹിയില്‍ ചേര്‍ന്ന ജി.എസ്.ടി കൗണ്‍സില്‍ യോഗത്തില്‍ തീരുമാനം. ആരോഗ്യ ഇന്‍ഷുറന്‍സുകള്‍ക്ക് ജി.എസ്.ടി. ഇളവ് നല്‍കുന്നത് പരിശോധിക്കാന്‍ മന്ത്രിതല സമിതിയെ നിയോഗിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഗവേഷണത്തിന് നല്‍കുന്ന ഗ്രാന്‍ഡുകള്‍ക്ക് ജി.എസ്.ടി. പൂര്‍ണമായി ഒഴിവാക്കാനും ഡല്‍ഹിയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.
കാന്‍സര്‍ മരുന്നുകള്‍ക്ക് 12 ശതമാനത്തില്‍ നിന്ന് അഞ്ചുശതമാനമായാണ് ജി.എസ്.ടി. കുറച്ചത്. പാവപ്പെട്ട രോഗികള്‍ക്ക് ഇത് സഹായമാകുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. ആരോഗ്യ ഇന്‍ഷുറന്‍സുകള്‍ക്കുള്ള 18 ശതമാനം ജി.എസ്.ടി. കുറയ്ക്കുന്നത് ചര്‍ച്ച ചെയ്യാന്‍ മന്ത്രിതല സമിതിയെ നിയോഗിച്ചു. ഒക്ടോബര്‍ 15 ന് മുന്‍പ് സമിതി റിപ്പോര്‍ട്ട് നല്‍കണം. നവംബറില്‍ ചേരുന്ന ജി.എസ്.ടി. കൗണ്‍സില്‍ യോഗം റിപ്പോര്‍ട്ട് പരിശോധിക്കും.
സര്‍വകലാശാലകള്‍ അടക്കം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഗവേഷണത്തിന് സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ നിന്ന് ലഭിക്കുന്ന ഗ്രാന്‍റിനുള്ള ജി.എസ്.ടി. പൂര്‍ണമായും ഒഴിവാക്കാനും തീരുമാനിച്ചെന്ന് ധനമന്ത്രി അറിയിച്ചു. ജി.എസ്.ടി. നഷ്ടപരിഹാരത്തിനായി കടമെടുത്ത തുക 2026 മാര്‍ച്ചിന് മുന്‍പുതന്നെ തിരിച്ചടയ്ക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ജി.എസ്.ടി. സെസ് പിന്നീട് എഎന്തുചെയ്യണമെന്ന് തീരുമാനിക്കാന്‍ മന്ത്രിതല സമിതി രൂപീകരിച്ചു.
ജി.എസ്.ടി. നിരക്ക് ഉയര്‍ത്തിയ ശേഷം ഓണ്‍ലൈന്‍ ഗെയിമിങ്ങുകളില്‍നിന്നുള്ള വരുമാനം 412 ശതമാനവും കസിനോകളില്‍നിന്നുള്ള വരുമാനം 30 ശതമാനവും വര്‍ധിച്ചു. കേരളം അടക്കമുള്ള സംസ്ഥാനങ്ങളുടെ അഭ്യര്‍ഥന മാനിച്ച് ഇനിമുതല്‍ ജി.എസ്.ടി. കൗണ്‍സില്‍ യോഗങ്ങള്‍ സംസ്ഥാനങ്ങളില്‍ നടത്തുമെന്നും ധനമന്ത്രി അറിയിച്ചു.