ടെസ്ല മേധാവി ഇലോണ്‍ മസ്ക് 2027ഓടെ ലോകത്തിലെ ആദ്യ മഹാകോടീശ്വരനാകുമെന്ന് റിപ്പോര്‍ട്ട്. ഇന്‍ഫോമ കണക്ട് അക്കാദമിയാണ് കണക്കുകള്‍ പുറത്തുവിട്ടത്. '2024ലെ ട്രില്യണ്‍ ഡോളര്‍ ക്ലബ്' എന്ന റിപ്പോര്‍ട്ടിലാണ് വിവരങ്ങളുള്ളത്. മസ്കിന്‍റെ വാര്‍ഷിക വരുമാനം ശരാശരി110 ശതമാനമെന്ന നിരക്കിലാണ് വളരുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു. 251 ബില്യണ്‍ (25100 കോടി) ഡോളറിന്‍റെ ആസ്തി മസ്കിനുണ്ടെന്നാണ് ബ്ലൂംബര്‍ഗിന്‍റെ കണക്കുകള്‍.
2028 ആകുമ്പോള്‍ ഗൗതം അദാനിയും മസ്കിനൊപ്പം പട്ടികയില്‍ ഇടം നേടും. നിലവില്‍ ഇന്ത്യയിലെ ശതകോടീശ്വരന്‍മാരില്‍ ഒന്നാമനും അദാനിയാണ്. സോഫ്റ്റ്വെയര് കമ്പനി സിഇഒ ജെന്‍സന്‍ ഹുവാങ്, ഇന്തൊനേഷ്യന്‍ ബിസിനസ് ഭീമനായ പ്രയോഗോ പങ്കേസ്തു എന്നിവരും 2028 ല്‍ മഹാകോടീശ്വരന്‍മാരാകും. ലോകത്തിലെ ആദ്യ ആഡംബര വ്യവസായ ഭീമനായ ബര്‍ണാഡ് അര്‍നൗള്‍ട്ട് 2030 ലാകും മഹാകോടീശ്വരപട്ടികയില്‍ ഇടം പിടിക്കുക.
2050 ഓടെയാകും മഹാകോടീശ്വരപ്പട്ടികയില്‍ സ്ത്രീകള്‍ ഇടംപിടിക്കുക. ലോറിയല്‍ സ്ഥാപകനായ യൂജിന്‍ ഷുള്ളറുടെ കൊച്ചുമകള്‍ ഫ്രാന്‍സ്വാ ബെറ്റന്‍കോര്‍ട്ട് മെയേര്‍സ് ആവും വനിതകളില്‍ ആദ്യ സ്ഥാനക്കാരി. 9950 കോടി ഡോളറിന്‍റെ ആസ്തിയാണ് മെയേഴ്സിന്‍റെ കുടുംബത്തിനുള്ളത്. ലോറിയലിന്‍റെ മൂന്നിലൊന്ന് ഉടമസ്ഥാവകാശമാണ് മെയേഴ്സിനുള്ളത്. കമ്പനിയുടെ തന്ത്രപ്രധാനമായ തീരുമാനങ്ങളടക്കം കൈക്കൊള്ളുന്ന കരുത്തയായ വനിത കൂടിയാണ് മെയേഴ്സെന്നും 2040 ല്‍ മെയേഴ്സ് മഹാകോടീശ്വരിയാകുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ലോകത്തെ വനിതാ സംരംഭകര്‍ക്ക് പ്രചോദനം കൂടിയാണ് മെയേഴ്സെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ലോകത്തെ മഹാകോടീശ്വരന്‍മാര്‍ തന്നെയാകും സമീപഭാവിയില്‍ ഏറ്റവും കരുത്തന്‍മാരുടെ പട്ടികയിലും ഇടം പിടിച്ചേക്കുകയെന്നും പഠനം പറയുന്നു.
ഊര്‍ജോല്‍പാദനം, പ്രസരണം, വിതരണം എന്നിവയ്ക്ക് പുറമെ തുറമുഖങ്ങള്‍, വിമാനത്താവള നടത്തിപ്പ്, കാര്‍ഷിക –പൊതു ചരക്കുകള്‍, വ്യവസായ പാര്‍ക്കുകള്‍ എന്നിങ്ങനെ അതിവിശാലമാണ് അദാനിയുടെ ബിസിനസ് സാമ്രാജ്യം. പ്രതിരോധ– വ്യോമയാന മേഖലയിലെ സംരംഭങ്ങളിലും അദാനിയുടെ കൈ എത്തിയിട്ടുണ്ട്. ഇതിന് പുറമെ ജലസേചന– ശുദ്ധീകരണ പദ്ധതികള്‍, റോഡ്– റെയില്‍ ശൃംഖല, ഡാറ്റ സെന്‍ററുകള്‍, റിയല്‍ എസ്റ്റേറ്റ്, ഭക്ഷ്യോല്‍പാദന കേന്ദ്രങ്ങള്‍ എന്നിങ്ങനെ അത് വ്യാപകമായിക്കൊണ്ടിരിക്കുകയാണ്.
ജോണ്‍ ഡി. റോക്ഫെല്ലറാണ് ലോകത്തിലെ ആദ്യ കോടീശ്വരന്‍. 1916ലായിരുന്നു ഇത്. അന്ന് മുതല്‍ തന്നെ മഹാകോടീശ്വരന്‍ എന്ന ആശയവും പദപ്രയോഗവും നിലവിലുണ്ട്. സമ്പത്തിന്‍റെ കുമിഞ്ഞുകൂടല്‍ ലോകത്തിലുണ്ടാക്കുന്ന അസമത്വങ്ങളെ കുറിച്ചുള്ള പഠനങ്ങളിലാണ് ഇത് കൂടുതലായും ഉപയോഗിക്കപ്പെട്ടത്. ലോക ജനസംഖ്യയുടെ വെറും ഒരു ശതമാനം മാത്രമാണ് അതിസമ്പന്നര്‍. ഇവരുടെ ഇടപെടലുകള്‍ ലോകത്തിലെ 66 ശതമാനം ദരിദ്രരായ ജനങ്ങളുണ്ടാക്കുന്നതിലും വലിയ അളവില്‍ കാര്‍ബണ്‍ ബഹിര്‍ഗമനമുണ്ടാക്കുന്നുവെന്നും അതുവഴി കാലാവസ്ഥ വ്യതിയാനങ്ങള്‍ക്ക് ആക്കം കൂട്ടുന്നവരുമാണെന്നും പഠന റിപ്പോര്‍ട്ടുകള്‍ പറയുന്നു.