ഇലക്ട്രിക് ഇരുചക്ര വാഹന നിർമാണ കമ്പനിയായ ഏഥർ എനർജി ഓഹരി വിപണിയിലേക്ക്. ഐപിഒ വഴി ഫണ്ട് സമാഹരിക്കാൻ സെബിക്ക് കമ്പനി അപേക്ഷ (ഡ്രാഫ്റ്റ് റെഡ് ഹെറിങ് പ്രോസ്പെക്ടസ്) സമർപ്പിച്ചു. പുതിയ ഓഹരികൾ വിറ്റഴിച്ചും പ്രമോട്ടർമാരുടെ ഓഹരി വിറ്റഴിച്ചും 4,500 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
പുതിയ ഓഹരികളുടെ വിൽപ്പന വഴി 3,100 കോടി രൂപ കമ്പനി സമാഹരിക്കും. കമ്പനി സിഇഒയും സഹ സ്ഥാപകനുമായ തരുൺ സഞ്ജയ് മെഹ്തയും സ്വപ്നിൽ ബബൻലാൽ ജെയിനും ചേർന്ന് 10 ലക്ഷം ഓഹരികൾ വിറ്റഴിക്കും. നിക്ഷേപകരും പ്രമുഖ ഓഹരി ഉടമകളും ചേർന്ന് 2.20 കോടി ഓഹരികളാണ് വിറ്റയിക്കുക.
കാലേഡിയം ഇൻവെസ്റ്റ്‌മെൻ്റ് പ്രൈവറ്റ് ലിമിറ്റഡ്, നാഷണൽ ഇൻവെസ്റ്റ്‌മെൻ്റ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഫണ്ട് II, 3സ്റ്റേറ്റ് വെഞ്ചേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങിയവ ഓഹരി വിറ്റഴിക്കും. ലോകത്തെ ഏറ്റവും വലിയ ഇരുചക്രവാഹന നിർമാതാക്കളായ ഹിറോ മോട്ടോക്രോപ്പിന് 37.2 ശതമാനം ഓഹരി പങ്കാളിത്തമുള്ള കമ്പനിയാണ് ഏഥർ എനർജി.
പുതിയ ഓഹരി വിറ്റ് ലഭിക്കുന്ന തുക ഉപയോഗിച്ച് മഹരാഷ്ട്രയിൽ ഇരുചക്ര വാഹന ഫാക്ടറിയാണ് കമ്പനി ലക്ഷ്യമിടുന്നത്. 927.2 കോടി രൂപയാണ് കമ്പനി ഇതിനായി ഉപയോഗിക്കുക. റിസർച്ച് ആൻഡ് ഡെവലപ്മെൻറിനായി 750 കോടിയും മാർക്കറ്റിങിന് 300 കോടി രൂപയും ചെലവിടും. 378.2 കോടി രൂപയാണ് വായ്പ തിരിച്ചടവിനായി കണക്കാക്കുന്നത്.
6,145 കോടി രൂപ സമാഹരിച്ച ഒല ഐപിഒയ്ക്ക് ശേഷം ഇവി ടുവിലർ സെക്ടറിൽ നിന്നുള്ള ഐപിഒയാണ് ഏഥർ എനർജിയുടേത്. 5,500 കോടി രൂപയുടെ പുതിയ ഓഹരികളും പ്രമോട്ടർമാർ വിറ്റഴിച്ച 8.49 കോടി ഓഹരികളും അടങ്ങുന്നതായിരുന്നു ഒലയുടെ ഐപിഒ.
പൂർണമായും ഇവി സെക്ടറിൽ ശ്രദ്ധകേന്ദ്രീകരിച്ച കമ്പനിയാണ് ഏഥർ ഏനർജി. 2013 ൽ ആരംഭിച്ച കമ്പനിയുടെ ആസ്ഥാനം ബെംഗളൂരുവാണ്. ഏഥർ 450, ഏഥർ റിറ്റ്സ എന്നി രണ്ട് വിഭാഗങ്ങളിലായി 7 വേരിയന്റുകൾ കമ്പനി പുറത്തിറക്കുന്നു. 2024 സാമ്പത്തിക വർഷം 1,753.80 കോടി രൂപയാണ് കമ്പനി റിപ്പോർട്ട് ചെയ്ത ലാഭം. എന്നാൽ മുൻ സാമ്പത്തിക വർഷത്തേക്കാൾ കുറവ്, 2023 ൽ 1,780.90 കോടിയായിരുന്നു ഏഥറിന്റെ വരുമാനം. കമ്പനിയുടെ നഷ്ടത്തിൽ വലിയ വർധനവുണ്ട്. മുൻ സാമ്പത്തിക വർഷം 864.5 കോടി രൂപ നഷ്ടമുണ്ടാക്കിയ കമ്പനിയുടെ നഷ്ടം 2024ൽ 1,059.7 കോടി രൂപയായി വർധിച്ചു. അതേസമയം കമ്പനിയുടെ വിൽപ്പനയിൽ വർധനവുണ്ട്. 2024 ൽ 1,09,577 യൂണിറ്റുകളാണ് കമ്പനി വിറ്റത്. 2023 ൽ 92,093 എണ്ണവും.