lpg-cylinder

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് പിന്നാലെ വിതരണത്തിലുണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ അളവ് കുറയ്ക്കാന്‍ എണ്ണ കമ്പനികള്‍. നിലവിലെ 14.2 കിലോ വരുന്ന എല്‍പിജി സിലണ്ടറുകളില്‍ 10 കിലോ നിറച്ച് വിതരണത്തിന് എത്തിക്കാനാണ് ശ്രമം. പരിമിതമായ സ്റ്റോക്കുകള്‍ക്കിടയിലും കൂടുതല്‍ പേരിലേക്ക് സിലിണ്ടറുകള്‍ എത്തിക്കാം എന്നതാണ് ഈ നീക്കത്തിന് പിന്നില്‍. 

14.2 കിലോയുടെ സിലിണ്ടര്‍ ഒരു കുടുംബത്തിന് ശരാശരി 35-40 ദിവസത്തേക്ക് ഉപയോഗിക്കാന്‍ സാധിക്കും. 10 കിലോയാക്കി ചുരുക്കുമ്പോഴും സിലിണ്ടറിന്‍റെ ഉപയോഗം ഒരു മാസത്തേക്ക് ലഭിക്കും. ലഭ്യമായ ഗ്യാസിനെ തുല്യമായ വിതരണം ചെയ്യാന്‍ ഇതിലൂടെ സാധിക്കും. അളവ് കുറയ്ക്കുകയാണെങ്കില്‍ ഇത് സിലിണ്ടറിന് മുകളില്‍ ലേബല്‍ ചെയ്ത് വിലയിലും കുറവ് വരുത്തും. കമ്പനികള്‍ ബോട്ടിലിങ് പ്രവര്‍ത്തനങ്ങളില്‍ മാറ്റം വരുത്തി നിയമപരമായ അനുമതികള്‍ വാങ്ങിയ ശേഷമാകും ഇത് നടപ്പിലാക്കുക. 

പശ്ചിമേഷ്യൻ സംഘർഷം തുടരുന്നതിനാൽ എൽപിജി ബുക്കിങ് ഇളവേള 25ൽ നിന്ന് 45 ദിവസമായി വർധിപ്പിച്ചിരുന്നു. എൽപിജി ക്ഷാമം ഇന്ത്യൻ വിപണികളെ സമ്മർദ്ദത്തിലാക്കുന്നത് തുടരുന്നതിനാലായിരുന്നു പെട്രോളിയം മന്ത്രാലയത്തിന്‍റെ തീരുമാനം. അളവ് കുറയ്ക്കുന്നതോടെ ഗ്യാസ് സിലിണ്ടര്‍ തീര്‍ന്നാലും പുതിയവ ലഭിക്കുന്നതിനുള്ള കാത്തിരിപ്പ് നീളും. 10 കിലോ സിലിണ്ടര്‍ 45 ദിവസത്തേക്ക് ഉപയോഗിക്കേണ്ട ഗതികേടിലാകും കുടുംബങ്ങള്‍. 

ഗാര്‍ഹിക വിതരണം നിലനിര്‍ത്തുന്നതിനാണ് ഇത്തരമൊരു നീക്കമെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സംഘര്‍ഷം ആരംഭിച്ചതിന് ശേഷം ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള എല്‍പിജി ടാങ്കറുകളുടെ സഞ്ചാരം പ്രതിസന്ധിയിലായത് വിതരണത്തെ ബാധിച്ചിരുന്നു. ഇതാണ് പുതിയ ചര്‍ച്ചകള്‍ക്ക് പിന്നില്‍. ഹോര്‍മുസ് വഴിയാണ് ഇന്ത്യയുടെ പാചക വാതക ഇറക്കുമതിയുടെ 60 ശതമാനവും എത്തുന്നത്. 

നിലവില്‍ ഇന്ത്യന്‍ തീരത്തേക്ക് എല്‍പിജിയുമായി പുതിയ കപ്പലുകളൊന്നും വരുന്നില്ല. ഇന്ത്യ ലക്ഷ്യമാക്കിയുള്ള നിരവധി കപ്പലുകളാണ് നിലവില്‍ ഹോര്‍മുസ് കടക്കാന്‍ അനുമതി കാത്തിരിക്കുന്നത്. കഴിഞ്ഞ ആഴ്ചയില്‍ ഹോര്‍മുസ് കടന്ന് എത്തിയ കപ്പലുകളിലുള്ളത് രാജ്യത്ത് ഒരു ദിവസത്തെ ഉപയോഗത്തിനുള്ള ഇന്ധനം മാത്രമാണ്. 93,500 ടണ്‍ എല്‍പിജിയാണ് ഇന്ത്യ ദിവസം ഉപയോഗിക്കുന്നത്. 

അതേസമയം, പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഗാർഹിക എൽപിജി സിലിണ്ടറുകളുടെ വില വർധിപ്പിച്ചിരുന്നു. 14.2 കിലോഗ്രാം വരുന്ന പാചകവാതക സിലിണ്ടറിന് 60 രൂപയാണ് കൂടിയത്. വാണിജ്യ ആവശ്യത്തിനുള്ള പാചകവാതകത്തിനും വില കൂടിയിട്ടുണ്ട്. 115 രൂപയുടെ വർധനയാണ് വരുത്തിയത്‌. കേരളത്തിൽ ഗാർഹിക സിലിണ്ടറിന് 922 രൂപയോളം വരും. 2025 ഏപ്രിൽ മുതൽ സബ്‌സിഡിയില്ലാത്ത ഗാർഹിക എൽപിജി സിലിണ്ടറിന് 853 രൂപ എന്ന നിരക്കിൽ മാറ്റമില്ലാതെ തുടരുകയായിരുന്നു.

ENGLISH SUMMARY:

Oil marketing companies plans to reduce domestic LPG cylinder weight to 10kg to manage fuel shortages caused by the Strait of Hormuz conflict. With 60% of LPG imports affected, this strategic move aims to ensure equitable distribution across households. Current prices have also seen a hike of ₹60 for domestic and ₹115 for commercial use.