ഉച്ചയ്ക്ക് ശേഷവും വില കുറഞ്ഞതോടെ സ്വര്‍ണ വിലയില്‍ ഇന്നുണ്ടായത് 1640 രൂപയുടെ കുറവ്. രാവിലെ 1,120 രൂപയാണ് പവന് കുറഞ്ഞത്. ഗ്രാമിന് 140 രൂപയും കുറഞ്ഞു. ഉച്ചയ്ക്ക് ശേഷം പവന് 520 രൂപ കൂടി കുറഞ്ഞ് സ്വര്‍ണ വില 1,13,080 രൂപയിലെത്തി. ഗ്രാമിന് 65 രൂപയുടെ കുറവോടെ 14,135 രൂപയിലെത്തി. രണ്ടാഴ്ചയിലെ താഴ്ന്ന വിലയാണിത്.
രാജ്യാന്തര വിലയിലുണ്ടായ ഇടിവാണ് സ്വര്‍ണ വിലയെ താഴോട്ട് എത്തിച്ചത്. രാവിലെ സ്വര്‍ണ വില നിശ്ചയിച്ചപ്പോള്‍ രാജ്യാന്തര വില 4900 ഡോളറിന് മുകളിലായിരുന്നു. 4862 ഡോളറിലേക്ക് താഴ്ന്ന സ്വര്‍ണ വില നിലവില്‍ 80 ഡോളര്‍ നഷ്ടത്തില്‍ 4911 ഡോളറിലാണ്.
ഭൗമരാഷ്ട്ര സംഘര്‍ഷങ്ങള്‍ അയയുന്നതാണ് സ്വര്‍ണ വിലയെ താഴോട്ടേക്ക് എത്തിക്കുന്നത്. ആണവ വിഷയത്തില്‍ ജനീവയില്‍ ഇറാന്‍– യുഎസ് ചര്‍ച്ച നടക്കുന്നുണ്ട്. യു.എസ് മധ്യസ്ഥതയിലുള്ള ചര്‍ച്ചയുടെ ഭാഗമായി ജനീവയില്‍ റഷ്യന്‍– യുക്രൈന്‍ പ്രതിനിധികളും കൂടിക്കാഴ്ച നടത്തും. ഇതാണ് സ്വര്‍ണ വിലയെ താഴോട്ടിറക്കുന്നത്. അതേസമയം മറ്റു കറന്‍സികള്‍ക്കെതിരെ ഡോളറിന്‍റെ കരുത്ത് അളക്കുന്ന യു.എസ് ഡോളര്‍ സൂചിക 0.20 ശതമാനം ഉയര്‍ന്ന് 97.10 നിലവാരത്തിലെത്തി. ഇത് വിദേശ നിക്ഷേപകര്‍ക്ക് സ്വര്‍ണം വാങ്ങുന്നത് ചെലവേറുന്നതാകും.
രാജ്യാന്തര വില 4860 ഡോളറിന് താഴേക്ക് പോയാല്‍ വലിയ ഇടിവുണ്ടാകും എന്നാണ് വിശകലന വിദഗ്ധര്‍ മുന്നോട്ട് വെയ്ക്കുന്നത്. 4685 ഡോളറിലേക്കും പിന്നീട് 4543 ഡോളറിലേക്കും സ്വര്‍ണ വില എത്താം. അങ്ങനെയെങ്കില്‍ സ്വര്‍ണ വില ഒരു ലക്ഷത്തിന് താഴേക്ക് എത്താനുള്ള സാധ്യതയുണ്ട്. ഫെഡറല്‍ റിസര്‍വിന്‍റെ പണനയത്തെ പറ്റി കൂടുതല്‍ വ്യക്തത നല്‍കുന്ന ഫെഡിന്‍റെ ജനുവരി യോഗമിനുറ്റ്സിനാണ് നിക്ഷേപകര്‍ കാത്തിരിക്കുന്നത്. സ്വര്‍ണ വില 5000 ഡോളറിന് മുകളിലെത്തുകയാണെങ്കില്‍ 5,141 ഡോളര്‍ വരെ എത്താനുള്ള സാധ്യതയുണ്ട്.