**EDS: FILE PHOTO** New Delhi: In this Tuesday, Oct. 29, 2024 file image, Gold ornaments on display at a jewellery showroom, in New Delhi. Gold prices inched closer to the psychological mark of Rs 1 lakh per 10 grams as the bullion rates surged Rs 1,650 in the national capital on Monday, April 21, 2025, on weak dollar and uncertainties over US-China trade war driving demand. (PTI Photo/Arun Sharma) (PTI04_21_2025_000240B)
ഒരു പവന്‍ ആഭരണമായി വാങ്ങാന്‍ ഇന്നത്തെ വിലയ്ക്ക് 90,000 രൂപയ്ക്ക് മുകളില്‍ ചെലവാക്കേണ്ട അവസ്ഥ. വിവാഹ സീസണില്‍ ആഭരണം വാങ്ങാനിരിക്കുന്നവര്‍ക്ക് വലിയ തിരിച്ചടിയാണ് കുതിക്കുന്ന സ്വര്‍ണ വില. ചൊവ്വാഴ്ച ഒറ്റയടിക്ക് 1,000 രൂപയാണ് ഒരു പവന് വര്‍ധിച്ചത്. ഇതോടെ പവന് 80,880 രൂപയിലാണ് വ്യാപാരം. ഗ്രാമിന് 125 രൂപ വര്‍ധിച്ച് 10,110 രൂപയായി. പവന് വില 80,000 കടക്കുന്നതും ഗ്രാമിന് 10,000 രൂപ കടക്കുന്നതും ഇത് ആദ്യമായാണ്.
മലയാളി വാങ്ങല്‍ നിര്‍ത്തിയാല്‍?
സ്വര്‍ണ വില കുറയാന്‍ വാങ്ങുന്നത് കുറയ്ക്കണം എന്നാണ് പൊതുവെയുള്ള സംസാരം. വാര്‍ത്തകളുടെ കമന്‍റ് ബോക്സിലും ഇക്കാര്യം കാണാം. എന്നാല്‍ മലയാളി സ്വര്‍ണം വാങ്ങാതിരുന്നാല്‍ സ്വര്‍ണ വില കുറയുമോ? ഇല്ലെന്നാണ് ഉത്തരം. രാജ്യാന്തര സ്വർണവില, സ്വർണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകൾ ഈടാക്കുന്ന നിരക്ക്, രൂപ-ഡോളർ വിനിമയനിരക്ക് എന്നിവ അടിസ്ഥാനമാക്കിയാണ് ഓരോ ദിവസവും കേരളത്തിൽ സ്വർണവില നിർണയിക്കുന്നത്.
വില കൂടാന്‍ എന്താണ് കാരണം?
രാജ്യാന്തര സ്വര്‍ണ വിലയിലെ കുതിപ്പാണ് സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്. രാജ്യാന്തര വിപണിയില്‍ ട്രോയ് ഔണ്‍സിന് 3,658.35 ഡോളറിലേക്ക് എത്തി സ്വര്‍ണ വില ചൊവ്വാഴ്ച പുതിയ ഉയരം കുറിച്ചു. ഇതിന് കാരണം യു.എസിനെ അടിസ്ഥാനമാക്കി രാജ്യാന്തര തലത്തിലെ സാമ്പത്തിക ചലനങ്ങളും വര്‍ധിച്ചുവരുന്ന നിക്ഷേപ താല്‍പര്യവുമാണ്. യു.എസ് ഫെഡറല്‍ റിസര്‍വിന്‍റെ പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയും ഡോളറിന്‍റെ മൂല്യം ഇടിയുന്നതുമാണ് പുതിയ മുന്നേറ്റത്തിന് കാരണം.
ഫെഡ് പലിശ കുറയ്ക്കും!
സെപ്റ്റംബര്‍ 17 ന് ചേരുന്ന ഫെഡ് യോഗത്തില്‍ പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയിലാണ് നിക്ഷേപകര്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നത്. കാല്‍ ശതമാനത്തിന്‍റെ പലിശ നിരക്ക് കുറയ്ക്കലാണ് വിപണി പ്രതീക്ഷിക്കുന്നത്. കഴിഞ്ഞാഴ്ച വന്ന യു.എസ് തൊഴില്‍ കണക്കിന് പിന്നാലെ അരശതമാനത്തിന്‍റെ കുറവ് ഉണ്ടാകുമെന്ന പ്രതീക്ഷ ഉയര്‍ന്നു. പ്രതീക്ഷിച്ചതിനേക്കാള്‍ കുറഞ്ഞ തൊഴിലവസരങ്ങളാണ് തിരിച്ചടിയായത്. തൊഴിലില്ലായ്മ നിരക്കും ഉയര്‍ന്നു. പ്രധാന കറന്‍സിക്കള്‍ക്കെതിരെ ഡോളറിന്‍റെ മൂല്യം നഷ്ടപ്പെടുകയാണ്. ഡോളര്‍ സൂചിക 97.25 നിലവാരത്തിലെത്തി. ജൂലൈ മുതലുള്ള ഏറ്റവും കുറഞ്ഞ നിലവാരമാണിത്.
പലിശയും സ്വര്‍ണവും
പലിശനിരക്ക് കുറയുന്നത് യുഎസ് ബാങ്കുകളിലെ നിക്ഷേപങ്ങളുടെ പലിശനിരക്കും കടപത്രങ്ങളിലെ നിക്ഷേപങ്ങളുടെ ആദായവും കുറയ്ക്കും. സ്വാഭാവികമായി ബാങ്ക് നിക്ഷേപത്തില്‍ നിന്നും മാറി ഗോള്‍ഡ് ഇടിഎഫിലേക്ക് നിക്ഷേപകരുടെ ഒഴുക്കുണ്ടാകും. ഈ ഒഴുക്കാണ് സ്വര്‍ണ വിലയെ ഉയര്‍ത്തുന്നത്. ഈ വര്‍ഷം 38 ശതമാനത്തോളം വര്‍ധനവാണ് രാജ്യാന്തര വിലയില്‍ ഇതുവരെ ഉണ്ടായത്. 2024 ല്‍ കൂടിയത് 27 ശതമാനം മാത്രമാണ്.
ഇനി എങ്ങോട്ട്?
സ്വര്‍ണ വിലയിലുണ്ടാകുന്ന ഏതൊരു ഇടിവും വാങ്ങാനുള്ള അവസരമാക്കി നിക്ഷേപകര്‍ മാറ്റാന്‍ സാധ്യതയുണ്ടെന്ന് വിശകലന വിദഗ്ധര്‍ വിലയിരുത്തുന്നു. അതിനാല്‍ സമീപകാലത്ത് തന്നെ സ്വര്‍ണ വില 3700 ഡോളര്‍ കടക്കാം എന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് കേരളത്തിലും വില വര്‍ധിക്കാനുള്ള സാധ്യതയാണ് കാണിക്കുന്നത്.
ഇനി എന്തുചെയ്യും?
സ്വര്‍ണം ആഭരണമായി വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കുറഞ്ഞ കാരറ്റ് പരിഗണിക്കാവുന്നത്. വിലകയറ്റമുണ്ടെങ്കിലും 22 കാരറ്റിനെ അപേക്ഷിച്ച് രണ്ടായിരത്തോളം രൂപയുടെ വ്യത്യാസം വിലയിലുണ്ട്. 18 കാരറ്റിന് സ്വര്‍ണത്തിന് ഗ്രാമിന് 8272 രൂപയാണ് ഇന്നത്തെ വില. ഇന്ന് 102 രൂപ രൂപയാണ് വര്‍ധിച്ചത്. പവന് 816 രൂപ വര്‍ധിച്ച് 66,176 രൂപയായി. 22 കാരറ്റിനെ സംബന്ധിച്ച് 1,838 രൂപയുടെ കുറവുണ്ട്.