രണ്ട് ദിവസത്തിനപ്പുറം അക്ഷയ തൃതിയ, സ്വര്‍ണം വാങ്ങാന്‍ ആളുകൂടുന്ന സമയം. ആവശ്യക്കാര്‍ക്ക് ആശ്വാസമായി സ്വര്‍ണ വില താഴേക്ക് എത്തുകയാണ്. തിങ്കളാഴ്ച പവന് 520 രൂപ കുറഞ്ഞ് 71,520 രൂപയിലേക്ക് എത്തി. ഒരാഴ്ചയ്ക്ക് ശേഷമാണ് സ്വര്‍ണ വില 72,000 രൂപയ്ക്ക് താഴേക്ക് എത്തുന്നത്.
ഗ്രാമിന്‍റെ വില 9,000 ത്തിന് താഴേക്കും എത്തുന്നത് കണ്ടു. 65 രൂപ കുറഞ്ഞ് 8,940 രൂപയിലാണ് ഇന്ന് സ്വര്‍ണം വ്യാപാരം നടക്കുന്നത്. ഏപ്രില്‍ 22 ന് രേഖപ്പെടുത്തിയ 74,320 രൂപയുടെ സര്‍വകാല ഉയരത്തില്‍ നിന്നും തുടര്‍ച്ചയായ ഇടിവിലാണ് സ്വര്‍ണ വില.
തുടര്‍ച്ചയായി രാജ്യാന്തര വിലയിലുണ്ടാകുന്ന കുറവാണ് കേരളത്തില്‍ സ്വര്‍ണ വില കുറയാന്‍ കാരണം. യുഎസും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധം കുറഞ്ഞതും ഡോളര്‍ ശക്തിപ്പെടുന്നതും രാജ്യാന്തര വിലയെ തളര്‍ത്തിയിട്ടുണ്ട്. കഴിഞ്ഞാഴ്ചയാണ് ചൈനയുമായുള്ള വ്യാപാര യുദ്ധത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കിയത്. വെള്ളിയാഴ്ച യുഎസില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ ഉയര്‍ന്ന നികുതിയില്‍ നിന്ന് ചില ഉല്‍പ്പന്നങ്ങളെ ചൈന ഒഴിവാക്കി. ഇതിന്‍റെ തുടര്‍ച്ചയായാണ് സ്വര്‍ണ വില കുറയുന്നത്.
രാജ്യാന്തര വില നിലവില്‍ 3292 ഡോളറിലാണ്. ഏപ്രില്‍ 22 ന് 3500 ഡോളറിലെത്തിയ സ്വര്‍ണ വില 200 ഡോളറിനടുത്ത് കുറഞ്ഞു. യുഎസ്– ചൈന സംഘര്‍ഷം കുറയുകയാണെങ്കില്‍ ഇത് സമീപ കാലത്ത് സ്വര്‍ണ വിലയെ താഴേക്ക് എത്തിക്കും.