കേന്ദ്ര ബജറ്റിലെ ചില ഇറക്കുമതി ഇളവുകള്‍ യുഎസില്‍ നിന്നും ഡോണാള്‍ഡ് ട്രംപിന്‍റെ ഭീഷണി മറികടക്കാനെന്ന് സൂചന. ഇന്ത്യയെ താരിഫ് കിങ് എന്ന് വിളിച്ച ട്രംപ്, ഇന്ത്യ താരിഫ് ദുരുപയോഗം ചെയ്യുന്ന രാജ്യമാണെന്ന് ആരോപിച്ചിരുന്നു. ബജറ്റില്‍ അക്വാട്ടിക് ഫീഡ്, പ്രത്യേക മാലിന്യങ്ങൾ, സ്ക്രാപ്പ്, ഇഥർനെറ്റ് സ്വിച്ചുകൾ, മോട്ടോർ സൈക്കിളുകൾ എന്നിവയ്ക്ക് തീരുവ വെട്ടിക്കുറച്ചത് യുഎസ് കയറ്റുമതിക്ക് ഉത്തേജനം നൽകും.
1600 സിസിക്ക് മുകളില്‍ വരുന്ന മോട്ടോര്‍ സൈക്കിളുകളുടെ ഇറക്കുമതി തീരുവ 50 ശതമാനത്തില്‍ നിന്നും 30 ശതമാനമായി കുറച്ചത് യുഎസ് കമ്പനിയായ ഹാര്‍ലി ഡേവിഡ്സണ്‍ അടക്കമുള്ളവര്‍ക്ക് നേട്ടമാണ്. ഇറക്കുമതി ചെയ്യുന്ന ഇഥർനെറ്റ് സ്വിച്ചുകൾക്ക് 10 ശതമാനമായാണ് തീരുവ കുറച്ചത്. 2024 സാമ്പത്തിക വര്‍ഷം ഇഥർനെറ്റ് സ്വിച്ചുകളുടെ 653.4 മില്യണ്‍ ഡോളറിന്‍റെ യുഎസ് ഇറക്കുമതിയാണ് ഉണ്ടായത്.
40,000 ഡോളര്‍ വരെ വില വരുന്ന (ഏകദേശം 35 ലക്ഷം) വാഹനങ്ങളുടെ നികുതി 100 ശതമാനത്തില്‍ നിന്നും 70 ശതമാനമാക്കി കുറച്ചു. ഇത് ടെസ്ല അടക്കമുള്ള കമ്പനികള്‍ക്ക് നേട്ടമാകും. ഇന്‍ഷൂറന്‍സ് മേഖലയില്‍ 100 ശതമാനം വിദേശ നിക്ഷേപം അനുവദിക്കാനുള്ള നീക്കവും കോട്ടണ്‍ നിര്‍മാണത്തിനുള്ള മിഷനും യുഎസ് താല്‍പര്യങ്ങള്‍ക്ക് അനുകൂലമാണ്. യുഎസ് അഗ്രി ട്രേഡ് ബോഡി കോട്ടൺ കൗൺസിൽപ്രധാന പരുത്തിയുടെ ഇറക്കുമതി തീരുവ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയിലേക്ക് പരുത്തി കയറ്റി അയക്കുന്നതില്‍ മുന്നില്‍ യുഎസ് ആണ്.
വ്യാപാര യുദ്ധത്തിന്‍റെ സാധ്യത നിലനില്‍ക്കുമ്പോള്‍ ഇറക്കുമതി താരിഫ് വെട്ടിക്കുറച്ചുകൊണ്ട് വ്യാപാരം സുഗമമാക്കുന്നതിനുള്ള നടപടികളിലേക്കാണ് ഇന്ത്യ കടക്കുന്നത്. അതേസമയം, ഇറക്കുമതി തീരുവ കുറയ്ക്കുന്നത് എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള ഇറക്കുമതിയെ ഒരുപോലെ സ്വാധീനിക്കുമെന്നാണ് കേന്ദ്രത്തിന്‍റെ നിലപാട്. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ ആത്മനിർഭർ ആയി മാറുന്നുവെന്ന് ഉറപ്പാക്കുന്നതിനാണ് കസ്റ്റം ഡ്യൂട്ടി യുക്തിസഹമാക്കിയതെന്നും ട്രംപിന്‍റെ താരിഫ് പ്രഖ്യാപനങ്ങളോടുള്ള പ്രതികരണമല്ലെന്നും കേന്ദ്രധനമന്ത്രി എന്‍ഡിടിവിയോട് വ്യക്തമാക്കിയത്.
ഡോണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്‍റായി ചുമതലയേറ്റതോടെ വ്യാപാര യുദ്ധത്തിന്‍റെ ഭീഷണിയിലാണ് ലോകരാജ്യങ്ങള്‍. മെക്സിക്കോയ്ക്കും കാനഡയ്ക്കും 25 ശതമാനം ചുങ്കവും ചൈനീസ് ഇറക്കുമതിക്ക് 10 ശതമാനം ചുങ്കവും ചുമത്താനുള്ള ഉത്തരവില്‍ ട്രംപ് കഴിഞ്ഞ ദിവസം ഒപ്പിട്ടിരുന്നു. ബ്രിക്സ് രാജ്യങ്ങള്‍ക്ക് നേരെ ഇടക്കിടെ ട്രംപ് മുന്നറിയിപ്പ് നല്‍കുന്നതിനാല്‍ ഇന്ത്യയ്ക്ക് മുകളിലും ട്രംപിന്‍റെ വാളുണ്ട്. ബ്രിക്സ് രാജ്യങ്ങള്‍ക്ക് നേരെ 100 ശതമാനം ചുങ്കം എന്ന ഭീഷണിയാണ് ട്രംപ് മുഴക്കുന്നത്.