രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും വില കുറച്ചേക്കും. രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില ഒൻപത് മാസത്തിലെ താഴ്ന്ന നിലവാരത്തിലെത്തായതിനാൽ എണ്ണ കമ്പനികൾ നിർണായക തീരുമാനമെടുത്തേക്കുമെന്നാണ് സൂചന. മാർച്ചിൽ എണ്ണ കമ്പനികൾ രണ്ട് രൂപ കുറച്ചതിന് ശേഷം കൊച്ചിയിൽ 105.55 രൂപയിലാണ് പെട്രോൾ വില. ഡീസലിന് ലിറ്ററിന് 94.54 രൂപ നൽകണം. ബ്രെൻഡ് ക്രൂഡ് ഓയിൽ ബാരലിന് 71.55 ഡോളറിലാണ് വ്യാപാരം നടക്കുന്നത്.
ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഇറക്കുമതി രാജ്യമായ ചൈനയിൽ നിന്നുള്ള ആവശ്യകത കുറഞ്ഞതും, ഇലക്ട്രിക് വാഹനങ്ങളുടെ ഉയർന്ന ഉപയോഗവും വിലയെ സ്വാധീനിക്കുന്നുണ്ട്. എണ്ണ വിപണിയിലേക്ക് ലിബിയൻ എണ്ണയുടെ തിരിച്ചുവരവും നോൺ ഒപെക് രാജ്യങ്ങൾ വിതരണം ശക്തമാക്കിയതും എണ്ണ വിലയെ താഴോട്ടിറക്കി.
2024 ജനുവരി മുതലുള്ള താഴ്ന്ന നിലവാരത്തിലേക്ക് എണ്ണ വില എത്തിയതോടെ എണ്ണ കമ്പനികളുടെ ലാഭത്തിലും മുന്നേറ്റമുണ്ടായി. ഈ സാഹചര്യത്തിൽ, മഹാരാഷ്ട്രയിലും, ഹരിയാനയിലും നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുമ്പോൾ അനുകൂല സാഹചര്യം സർക്കാർ പ്രയോജനപ്പെടുത്തുമെന്നാണ് വിലയിരുത്തൽ.
അമേരിക്കൻ നിക്ഷേപ ബാങ്കായ ഗോൾഡ്മാൻ സാച്ചിന്റെ വിലയിരുത്തൽ പ്രകാരം ഓയിൽ വില ബാരലിന് 70-85 ഡോളറിൽ ചാഞ്ചാടുമെന്നാണ്. എണ്ണ വില 85 ഡോളറിന് താഴെ തുടർന്നാൽ വില കുറയ്ക്കുമെന്നത് പരിഗണിക്കാമെന്ന് നേരത്തെ പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി പറഞ്ഞിരുന്നു. നിലവിലെ സാഹചര്യത്തിൽ വിവിധ മന്ത്രാലയങ്ങൾ തമ്മിൽ എണ്ണ വില കുറയ്ക്കുന്നതിനെ സംബന്ധിച്ച് ചർച്ച നടത്തിയെന്ന് ബിസിനസ് ടുഡേ റിപ്പോർട്ട് ചെയ്തു. കമ്പനികളുടെ സാമ്പത്തിക സ്ഥിതി പരിശോധിച്ചുള്ള തീരുമാനമായിരിക്കും ഉണ്ടാവുക.
ലോകസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മാർച്ച് 14 ന് രണ്ട് രൂപയാണ് എണ്ണ കമ്പനികൾ കുറച്ചത്. അതേസമയം ജനുവരി മുതലുള്ള എണ്ണ വിലയിലെ ഇടിവ് എണ്ണ കമ്പനികൾക്ക് മികച്ച മാർജിൻ സമ്മാനിച്ചിട്ടുണ്ട്. ഏപ്രിലിൽ പുറത്തുവന്ന മോത്തിലാൽ ഓസ്വാൾ ഫിനാൻഷ്യൽ സർവീസസ് റിപ്പോർട്ട് പ്രകാരം എണ്ണ കമ്പനികൾക്ക് ഏപ്രിലിൽ ലിറ്ററിന് 2 രൂപയിലധികം മാർജിൻ പ്രതീക്ഷിക്കുന്നത്. ഇന്ത്യൻ ബാസ്‌ക്കറ്റ് ക്രൂഡ് ഓയിൽ ബാരലിന് ശരാശരി 89.4 ഡോളറായ സമയത്തെ നിലവാരമാണിത്. സെപ്റ്റംബറിൽ ഇന്ത്യൻ ബാസ്‌ക്കറ്റ് ശരാശരി 76 ഡോളർ ആയതിനാൽ ഈ മാർജിൻ വർധിച്ചിട്ടുണ്ടാകാമെന്നാണ് വിലയിരുത്തൽ.
ആഗോള വിലയെ ആശ്രയിച്ചാണ് രാജ്യത്ത് എണ്ണ വില തീരുമാനിക്കുന്നത്. 2010 മുതൽ പെട്രോൾ വിലയും 2014 മുതൽ ഡീസൽ വിലയും ക്രൂഡ് ഓയിൽ വിലയുടെ അടിസ്ഥാനത്തിലാണ് തീരുമാനിക്കുന്നത്. എന്നാൽ രാജ്യാന്തര വില ഇടിഞ്ഞെങ്കിലും രാജ്യത്തെ പെട്രോൾ, ഡീസൽ വില ഇടിവ് നാമമാത്രമാണ്.
എണ്ണ വില ഇടിയുമെന്ന വാർത്ത പരന്നതോടെ ഓയിൽ മാർക്കറ്റിങ് കമ്പനികളുടെ ഓഹരി വിലയിലും കനത്ത ഇടിവാണുള്ളത്. തിങ്കളാഴ്ച സെൻസെക്സ് നേട്ടമുണ്ടാക്കിയപ്പോൾ, ഇന്ത്യൻ ഓയിൽ 0.70 ശതമാനവും ഭാരത് പെട്രോളിയം കോർപ്പറേഷൻ 1.19 ശതമാനവും ഹിന്ദുസ്ഥാൻ പെട്രോളിയം 2.62 ശതമാനവും ഇടിഞ്ഞു.