റെക്കോർഡ് ഉയരം തൊട്ട ശേഷം നേരിയ ഇടിവിലാണ് സെൻസെക്സും നിഫ്റ്റിയും. എന്നാൽ പുത്തൻ കമ്പനികൾ നിക്ഷേപകരെ സന്തോഷിപ്പിക്കുന്ന തിരക്കിലാണ്. ഇന്ന് ലിസ്റ്റ് ചെയ്ത ഓഹരികളെല്ലാം വലിയ ലിസ്റ്റിങ് നേട്ടത്തോടെയാണ് വിപണിയിലെത്തിയതെന്ന് കാണാം. മെയിൻ ബോർഡ് ഐപിഒ ആയിരുന്ന പ്രീമിയർ എനർജീസ് 120 ശതമാനം നേട്ടമുണ്ടാക്കിയപ്പോൾ മറ്റ് മൂന്ന് എസ്എംഇ ഐപിഒകളും കാര്യമായ നേട്ടം നിക്ഷേപകർക്ക് നൽകി. ഐപിഒ അപേക്ഷകരിൽ ഓഹരി ലഭിച്ചവർക്ക് മണിക്കൂർ കൊണ്ട് ഇരട്ടിയാക്കുന്ന നേട്ടമാണ് ഇന്നുണ്ടായത്.
നിക്ഷേപകർക്ക് ബംപർ നേട്ടം സമ്മാനിച്ചാണ് പ്രീമിയർ എനർജീസ് ഓഹരികൾ ലിസ്റ്റ് ചെയ്തത്. ഇഷ്യു വിലയായ 450 രൂപയിൽ നിന്ന് 120 ശതമാനം പ്രീമിയത്തിൽ 991 രൂപയിലാണ് ഓഹരിയുടെ ലിസ്റ്റിങ്. ഗ്രേ മാർക്കറ്റിൽ പ്രവചിച്ചിരുന്ന 108 ശതമാനം പ്രീമിയത്തെ ഓഹരി മറികടന്നു. ഫ്രഷ് ഇഷ്യുവും ഓഫർ ഫോർ സെയിലും അടങ്ങുന്ന 2,830 കോടി രൂപയുടെ ഐപിഒ ആയിരുന്നു പ്രീമിയർ എനർജീസിൻറേത്. 74.14 മടങ്ങ് നിക്ഷേപകരാണ് ഐപിഒ സ്ബ്ക്രൈബ് ചെയ്തത്. സോളറുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന കമ്പനിയാണ് പ്രീമിയർ എനർജീസ്. ലിസ്റ്റിങ് നേട്ടത്തിന് ശേഷം താഴേക്ക് വന്ന ഓഹരി 862.50 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
ജെ ബി ലാമനേഷൻസാണ് ഇന്ന് മറ്റൊരു നേട്ടമുണ്ടാക്കിയ ലിസ്റ്റിങ് നടത്തിയത്. എസ്എംഇ വിഭാഗത്തിൽ 90 ശതമാനം പ്രീമിയത്തിലാണ് കമ്പനി ലിസ്റ്റ് ചെയ്തത്. 146 രൂപ ഇഷ്യു വിലയുണ്ടായിരുന്ന ഓഹരി 277.40 രൂപയിലായിരുന്നു ലിസ്റ്റിങ്. ശേഷം അഞ്ച് ശതമാനം ഉയർന്ന് ദിവസത്തെ പരമാവധി ഉയരമായ 291.25 രൂപയിലെത്തി. 113.95 മടങ്ങ് അധിക അപേക്ഷകളാണ് ഐപിഒയ്ക്ക് ലഭിച്ചത്.
എസ്എംഇ വിഭാഗത്തിൽ ലിസ്റ്റ് ചെയ്ത ഇന്ത്യൻ ഫോസ്ഫേറ്റ് ഓഹരികളും 90 ശതമാനം ലിസ്റ്റിങ് നേട്ടമുണ്ടാക്കി. 99 രൂപ ഇഷ്യു വിലയുണ്ടായിരുന്ന ഓഹരികൾ 188.10 രൂപയിലാണ് ലിസ്റ്റ് ചെയ്തത്. 67.36 കോടി രൂപയാണ് കമ്പനി സമാഹരിച്ചത്. വിഡീൽ സിസ്റ്റം 52 ശതമാനം പ്രീമിയത്തിലാണ് ലിസ്റ്റ് ചെയ്തത്. 112 രൂപ ഇഷ്യു വിലയുണ്ടായിരുന്ന ഓഹരി 170 രൂപയിലാണ് ലിസ്റ്റ് ചെയ്തത്. ഓഹരി 178.50 രൂപയിലേക്ക് കുതിച്ചു.