possibility-of-petrol-price-hike-

പ്രതീകാത്മക ചിത്രം.

TOPICS COVERED

തിരഞ്ഞെടുപ്പും ഇന്ധനവിലയും തമ്മിൽ നേരിട്ട് ബന്ധമൊന്നുമില്ലെങ്കിലും ജനം വോട്ട് ചെയ്യുന്ന കാലത്ത് ഇന്ധനവില നിശ്ചലമാകാറുണ്ട്. രാജ്യം തിരഞ്ഞെടുപ്പിലേക്ക് പോകുന്നതിന് തൊട്ടുമുൻപ്, തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടങ്ങൾ നിലവിൽ വരുന്നതിന് മുന്നോടിയായി മാർച്ചിലാണ് പൊതുമേഖലാ എണ്ണ കമ്പനികൾ പെട്രോളിനും ഡീസലിനും രണ്ട് രൂപ കുറച്ചത്.  രണ്ട് വർഷകാലത്ത് ഇന്ധനവില കുറയ്ക്കാതെ, തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടായിരുന്നു എണ്ണ കമ്പനികൾ വില കുറച്ചത്. തിരഞ്ഞെടുപ്പ് ഫലം അടക്കം വന്നതോടെ വീണ്ടും ഇന്ധന വിലയിൽ വർധനവുണ്ടാകുമോ എന്ന ആശങ്ക പരക്കുന്നുണ്ട്. 2019 ൽ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വന്നതിന് തൊട്ടടുത്ത ദിവസം എണ്ണ കമ്പനികൾ എണ്ണ വില വർധിപ്പിച്ചിരുന്നു. 2024 ൽ തിരഞ്ഞെടുപ്പ് ഫലം വന്നതിന് തൊട്ടടുത്ത ദിവസം ബിജെപി ഭരിക്കുന്ന അസമിൽ പെട്രോളിന് 1.02 രൂപ വർധിച്ചു. ഈ സാഹചര്യത്തിൽ എണ്ണ കമ്പനികൾ പെട്രോൾ, ഡീസൽ വില വർധിപ്പിക്കുമോ എന്നാണ് ചോദ്യം?

എണ്ണവിലയുടെ നിയന്ത്രണാധികാരം പൊതുമേഖലാ എണ്ണ കമ്പനി (ഇന്ത്യൻ ഓയിൽ, ഹിന്ദുസ്ഥാൻ പെട്രോളിയം, ഭാരത് പെട്രോളിയം) കളുടെ കയ്യിലാണ്. ക്രൂഡ് ഓയിൽ വിലയെയും രൂപ– ഡോളർ എക്സ്ചേഞ്ച് നിരക്കും അടിസ്ഥാനമാക്കിയാണ് എണ്ണ കമ്പനികൾ വില നിശ്ചയിക്കുന്നത്. നിലവിൽ, ക്രൂഡ് ഓയിൽ വില അന്താരാഷ്ട്ര വിപണിയിൽ താഴ്ന്ന നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.

ഇസ്രയേൽ– പലസ്തീൻ, ഇസ്രയേൽ– ഇറാൻ സംഘർഷങ്ങളും ചരക്കുകപ്പലുകൾക്ക് നേരെ ഹൂതികളുടെ ആക്രമണവും അടക്കം സംഘർഷഭരിതമായ മാർച്ച്– ഏപ്രിൽ മാസത്തിൽ കത്തികയറിയ ക്രൂഡ് ഓയിൽ വില മേയിൽ തണുക്കുകയാണ്. 82-84 ഡോളർ നിലവാരത്തിലാണ് ക്രൂഡ് ഓയിൽ വ്യാപാരം നടക്കുന്നത്. ഈയൊരു സാഹചര്യത്തിൽ എണ്ണ കമ്പനികൾ ഇന്ധനവിലയിൽ പെട്ടന്നൊരു മാറ്റം വരുത്താൻ സാധ്യതയില്ലെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുറഞ്ഞുവരുമ്പോൾ മികച്ച ലാഭമുണ്ടാക്കാൻ എണ്ണ കമ്പനികൾ ഇന്ധനവില നിലനിർത്തും എന്നതാണ് ഇതിനുള്ള കാരണം. 

petrol-price-hike

2024 സാമ്പത്തിക വർഷത്തിൽ പൊതുമേഖലാ എണ്ണ കമ്പനികൾ മികച്ച ലാഭമാണുണ്ടാക്കിയത്. ആരോഗ്യകരമായ മാർക്കറ്റിംഗ് മാർജിനും കുറഞ്ഞ ക്രൂഡ് ഓയിൽ വിലയും കാരണമാണ് മികച്ച ലാഭമുണ്ടാക്കാനായത്. അന്താരാഷ്ട്ര സംഘർഷങ്ങളും അതുവഴിയുള്ള ക്രൂഡ് ഓയിൽ വില വർധനവും നിയന്ത്രണത്തിലാക്കാനും കമ്പനികൾക്ക് സാധിച്ചു. ഇതോടെ 86,000 കോടി രൂപയുടെ സംയോജിത ലാഭം പൊതുമേഖല എണ്ണ കമ്പനികൾ രേഖപ്പെടുത്തി. ഇതുവഴി ഉയർന്ന വിലയ്ക്ക് ഇറക്കുമതി ചെയ്ത് കുറഞ്ഞ വിലയ്ക്ക് വിറ്റ് നഷ്ടമുണ്ടാക്കുന്ന സ്ഥിതിയിൽ നിന്ന് കമ്പനികൾ മാറി. 

പെട്രോളും ഡീസലും വിൽക്കുമ്പോഴുള്ള മാർജിനും നിലവിൽ പോസ്റ്റീവാണ്. അതേസമയം, ക്രൂഡ് ഓയിൽ വില താഴെയാണെങ്കിലും ആരോഗ്യകരമായ മാർജിനല്ലെന്ന് വിദ​ഗ്ധർ സൂചിപ്പിക്കുന്നു. അതിനാൽ തന്നെ വില കുറയാനുള്ള സാധ്യതയും തള്ളുന്നു. 2025 സാമ്പത്തിക വർഷത്തിൻറെ ആദ്യ പാദത്തിൽ ഇതുവരെ ഡീസലിൻറെ മാർക്കറ്റിംഗ് മാർജിൻ (ചില്ലറ വിപണിയിൽ ഇന്ധനം വിൽക്കുന്നതിലൂടെ എണ്ണ കമ്പനികളുണ്ടാക്കുന്ന മാർജിൻ) ലിറ്ററിന് 2.6 രൂപയാണ്. 2024 സാമ്പത്തിക വർഷത്തിൻറെ നാലാം പാദത്തിൽ ഇത് 3.4 രൂപയായിരുന്നു. പെട്രോൾ മാർജിൻ 6 രൂപയിൽ നിന്ന് 1.8 രൂപയിലേക്കും താഴ്ന്നു.  2024 സാമ്പത്തിക വർഷത്തിലാകെ മികച്ച ലാഭമുണ്ടാക്കിയെങ്കിലും നാലാം പാദത്തിൽ കമ്പനികളുടെ ലാഭത്തിൽ ഇടിവുണ്ടായി. നാലാം പാദത്തിലെ സംയോജിത ലാഭം 12,986.9 കോടി രൂപയാണ്. എന്നാൽ മുൻ സാമ്പത്തിക വർഷത്തിൽ ഇത് 21,320.02 കോടി രൂപയായിരുന്നു. അതിനാൽ പെട്ടന്നൊരു വില ഇടിവിനെ കമ്പനികൾ പ്രോത്സാഹിപ്പിക്കില്ലെന്ന് ചുരുക്കം. 

ENGLISH SUMMARY:

After the Lok Sabha election results are announced, there is a concern that fuel prices might increase again. In the 2019 the day after the announcement of the Lok Sabha election results, oil companies increased fuel prices. Similarly, in 2024, after the election results were announced Assam where BJP ruling increased petrol prices by 1.02 rupees per liter. Checking the possibility of increase in petrol and diesel prices in this situation.