2024 സാമ്പത്തിക വർഷത്തിൽ മികച്ച പ്രകടനം നടത്തി പൊതുമേഖലാ കമ്പനികൾ. ലിസ്റ്റ് ചെയ്ത, ബിഎസ്ഇ പിഎസ്‍യു സൂചികയിൽ ഉൾപ്പെട്ട 56 പൊതുമേഖലാ സ്ഥാപനങ്ങൾ 2024 സാമ്പത്തിക വർഷത്തിൽ 5 ലക്ഷം കോടി രൂപയ്ക്ക് മുകളിൽ ലാഭമുണ്ടാക്കിയെന്നാണ് കണക്ക്. നികുതിക്ക് ശേഷം 48 ശതമാനം വാർഷിക വളർച്ചയോടെ 5.07 ലക്ഷം കോടി രൂപയാണ് 56 പൊതുമേഖലാ കമ്പനികളുടെയും ആകെ ലാഭം. 2023 സാമ്പത്തിക വർഷത്തിൽ ഇത് 3.43 ലക്ഷം കോടി രൂപയായിരുന്നു.
പൊതുമേഖലാ കമ്പനികളെല്ലാം ചേർന്ന് 53 ലക്ഷം കോടി രൂപ വരുമാനം ഉണ്ടാക്കുകയും 1.68 ലക്ഷം കോടി രൂപ നികുതിയായി അടയ്ക്കുകയും ചെയ്തു. 14 കമ്പനികളാണ് 10,000 കോടി രൂപയ്ക്ക് മുകളിൽ ലാഭമുണ്ടാക്കിയത്. ഇതിൽ എസ്ബിഐയാണ് ഏറ്റവും മികച്ച ലാഭമുണ്ടാക്കിയ കമ്പനി. 2024 സാമ്പത്തിക വർഷത്തിൽ എസ്ബിഐയുടെ ലാഭം 20 ശതമാനം വർധിച്ച് 68,138 കോടി രൂപയായി. 2023 സാമ്പത്തിക വർഷത്തിൽ 56,558 കോടി രൂപയായിരുന്നു എസ്ബിഐയുടെ ലാഭം.
രണ്ടാം സ്ഥാനത്ത് ഒഎൻജിസി (ഓയിൽ ആൻഡ് ന്യാചുറൽ ഗ്യാസ് കോർപ്പറേഷൻ) ആണ്. 54,705 കോടി രൂപയാണ് 2024 സാമ്പത്തിക വർഷത്തിലെ ലാഭം. കഴിഞ്ഞ വർഷത്തിലെ 34,012 കോടി രൂപയിൽ നിന്നാണ് ഈ മുന്നേറ്റം. ഇത്തവണ മൂന്നാം സ്ഥാനത്ത് ഇന്ത്യൻ ഓയിൽ കോർപ്പറേഷനാണ്. പൊതുമേഖലാ എണ്ണ കമ്പനി 41,615 കോടി രൂപ ലാഭമുണ്ടാക്കി. മുൻ സാമ്പത്തിക വർഷത്തിൽ 10,842 കോടി രൂപയിൽ നിന്നാണ് ഈ മുന്നേറ്റം. ഇതോടെ എൽഐസിയിൽ നിന്ന് മൂന്നാം സ്ഥാനം പിടിച്ചെടുക്കാനും ഇന്ത്യൻ ഓയിൽ കോർപ്പറേഷനായി.
കോൾ ഇന്ത്യ തന്നെയാണ് നാലാം സ്ഥാനത്ത്. കോൾ ഇന്ത്യയുടെ ലാഭം 36,942 കോടി രൂപയാണ്. മുൻവർഷത്തിലെ 31,731 കോടി രൂപയിൽ നിന്നാണ് ഈ വർധനവ്. രാജ്യത്തെ ഏറ്റവും വലിയ ഇൻഷൂറൻസ് കമ്പനിയായ എൽഐസിയാണ് അഞ്ചാം സ്ഥാനത്ത്. 36,844 കോടി രൂപയാണ് ഇൻഷൂറൻസ് ഭീമിൻഡറെ ലാഭം. 2023 സാമ്പത്തിക വർഷത്തിൽ 31,812 കോടി രൂപയായിരുന്നു എൽഐസി നേടിയ ലാഭം. പവർ ഫിനാൻസ് കോർപ്പറേഷൻ (26,461 കോടി), ഭാരത് പെട്രോളിയം കോർപ്പറേഷൻ (25,793 കോടി), എൻടിപിസി (18,697 കോടി), ബാങ്ക് ഓഫ് ബറോഡ, (18,410 കോടി), പവർ ഫിനാൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (16,164 കോടി) എന്നിങ്ങനെയാണ് മറ്റു കമ്പനികളുടെ ലാഭം.